'കളി ദൈവങ്ങളെ' കൺനിറയെ കാണാം ഫിറോസിന്റെ കാൻവാസിൽ

Monday 21 November 2022 12:08 AM IST

@ ലോകകപ്പ് വേദിക്കരികിൽ 100 ചിത്രങ്ങളുമായി കോഴിക്കോട്ടുകാരൻ

കോഴിക്കോട്: കാൽപന്തുകളിയുടെ രാജാക്കൻമാരുടെ 100 ചിത്രങ്ങൾ, അതും അഞ്ചടി ഉയരം നാലടി വീതി !. അക്രലിക്ക് വർണങ്ങളിൽ കളി ദൈവങ്ങളുടെ ജീവൻ തുടിക്കുമ്പോൾ വടകര സ്വദേശി ഫിറോസ് അസ്സന് ജന്മ സാഫല്യം. വർഷങ്ങളെടുത്ത ഒരുക്കത്തിനൊടുവിൽ ഇന്ന് ഖത്തറിൽ പന്തുരുളുമ്പോൾ ആ ചരിത്ര നിമിഷത്തിന് മാറ്റ് ചാർത്താൻ ഈ മലയാളി ചിത്രകാരനുമുണ്ടാകും. പ്രധാന സ്റ്റേഡിയത്തിനരികിലും ഖത്തറിലെ ഗാലറികളിലുമായി ഫുട്‌ബോൾ മാമാങ്കം തീരുംവരെ ഫിറോസ് അസ്സന്റെ പെയിന്റിംഗുകളുണ്ടാവും. സംഘാടക സമിതിയുടെ പ്രത്യേക ക്ഷണപ്രകാരം ചെയ്തു തീർത്ത പെയിന്റിംഗുകളിൽ അമ്പതെണ്ണം ഇതിനകം ഖത്തറിലേക്ക് കപ്പൽ കയറി. ഒരാഴ്ചയ്ക്കകം ആഗ്രഹിച്ചതുപോലെ ബാക്കിയും കടലുകടക്കും. വടകര താഴെ അങ്ങാടി വലിയവളപ്പിൽ ഫിറോസ് അസ്സൻ 25 വർഷമായി കായിക ലോകത്ത് വരകളുമായുണ്ട്. മറഡോണയേയും ക്രിസ്റ്റിയാനോ റൊണാൾഡോയേയും നേരിൽകണ്ട് ചിത്രങ്ങൾ കൈമാറിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ,​ ധോണി,​ ചലച്ചിത്ര രംഗത്തെ മിന്നും താരങ്ങൾ അമിതാബച്ചൻ,​ സൽമാൻഖാൻ,​ ഷാരൂഖ് ഖാൻ എന്നിവരെല്ലാം പകർത്തിയ പെയിന്റിംഗുകൾ അവരുടെ ഫ്ലാറ്റുകളിലെത്തി കൈമാറി. രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളിൽ ഫിറോസിന്റെ ചിത്രങ്ങൾ കാളിയാരാധകർക്ക് ആവേശമായിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളുടേതുമാത്രം 500 പെയിന്റിംഗുകൾ ചെയ്തു. ഖത്തറിൽ ലോക കപ്പ് ആരവം തുടങ്ങിയതുമുതൽ സൂക്ഷിക്കുന്ന ആഗ്രഹമാണ് അവിടെയൊരു ചിത്രപ്രദർശനം. ലോകകപ്പ് സംഘാടകരിൽ ഒരാളായ ഡോ.ഖാലിദ് ഖുവാരിയാണ് അവസരം ഒരുക്കിയത്. കാൻവാസിനുള്ള സാമ്പത്തിക സഹായവും നൽകി. കാൻവാസും പെയിന്റും ഫ്രെയിമും ട്രാവലിംഗുമടക്കം ഏതാണ്ട് പത്തുലക്ഷത്തോളം ചെലവുവരും. സ്‌പോൺസർമാരായി പലരേയും സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ കടംവാങ്ങിയും സുഹൃത്തുക്കളിൽ നിന്ന് സഹായം തേടിയുമെല്ലാം ജീവിതത്തിലെ വലിയൊരാഗ്രഹം പൂർത്തിയാക്കുകയാണ് ഫിറോസ്. ചിത്രം വര പഠിക്കാൻ പന്ത്രണ്ടാം വയസിൽ കോഴിക്കോട്ടെത്തിയപ്പോൾ ഫീസടക്കാൻ പണമില്ലാത്തതിനാൽ തിരിച്ചുപോവേണ്ടി വന്നതാണ് ഫിറോസിന്റെ ബാല്യം.