ഖൽബാണ് ഖത്തർ  ലോകകപ്പിനെ വരവേറ്റ് ഗ്രാമങ്ങൾ 

Monday 21 November 2022 12:12 AM IST
ലോക കപ്പ് ഫുട്‌ബാൾ

കാസർകോട്: ലോക കപ്പ് ഫുട്‌ബാൾ ഖത്തറിലാണെങ്കിലും നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഫുട്ബാൾ ആവേശം നിറഞ്ഞു. ഖത്തറിലെ കിക്കോഫിന് തൊട്ടുമുമ്പ് വരെ നഗരങ്ങളിൽ ക്ലബുകളുടെയും ആരാധകരുടെയും ഘോഷയാത്രകളായിരുന്നു. കാസർകോട്, ചെറുവത്തൂർ, ഉദുമ, ചന്തേര എന്നിവിടങ്ങളിൽ ഇന്നലെ വൈകുന്നേരം ആരാധകർ തെരുവിലിറങ്ങി.

ബ്രസീൽ, അർജന്റീന ആരാധകരാണ് പന്തും കൊടികളുമായി റോഡിൽ നിറഞ്ഞത്. നഗരത്തിലെ ക്ലബുകൾ ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും ഫ്ളക്സുകളും പതാകകളുമായി ഫുട്‌ബാൾ ആരവം ഉയർത്തിയതിനു പിന്നാലെയാണ് തെരുവിലെ ഘോഷയാത്രകൾ. ബ്രസിൽ, അർജന്റീന, പോർച്ചുഗൽ, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾക്കൊക്കെയും ആരാധകപടയുണ്ട്.

ഇഷ്ട ടീമിന്റെ ആരാധകർ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചും വിജയം അവകാശപ്പെട്ടു തുടങ്ങി. ബ്രസീലിനും അർജന്റീനയ്ക്കും നഗരത്തിൽമാത്രം ആയിരത്തിലേറെ ആൾക്കാരുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. കാസർകോട് ഭാഗത്തുനിന്നും നിരവധി പേർ കളി കാണാൻ ഖത്തറിൽ പോകുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലുള്ള കാസർകോടുകാരും ടിക്കറ്റെടുത്ത് കാത്തിരിക്കുകയാണ്. ഫാൻസികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വിളംബര റാലിയും നടത്തി. ഗ്രാമങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും വലിയ സ്‌ക്രീൻ പിടിപ്പിച്ചു കളി പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

തിരക്കൊഴിയാതെ ഫ്ലക്സ് കടകൾ

നാടെങ്ങും ഫുട്‌ബാൾ ആരവം തുടങ്ങിയതോടെ ഫ്ളക്സ് പ്രിന്റിംഗ് കടകളിലെ ജീവനക്കാർക്ക് നിന്നുതിരിയാൻ നേരമില്ല. താരങ്ങളുടെ കട്ടൗട്ടുകളാണ് പുതിയ താരം. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് പ്രവർത്തനമെന്ന് ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപന ഉടമകൾ പറയുന്നു. മെസിയുടെയും നെയ്മറിന്റെയും അഞ്ച്നില കെട്ടിടത്തിന്റെ ഉയരമുള്ള കട്ടൗട്ടുകൾക്കാണ് ആവശ്യക്കാർ. ഇതിലൂടെ അരലക്ഷംവരെ മുടക്കി ഓരോരോ കട്ടൗട്ടുകൾ ദിവസവും ഗ്രാമങ്ങളിൽ ഉയരുന്നു. അഞ്ച് ദിവസത്തോളം പണിപ്പെട്ടാണ് ഓരോ കട്ടൗട്ടുകളും ഒരുങ്ങുന്നത്.

Advertisement
Advertisement