ബെൻസേമയ്ക്ക് പരിക്ക് : ഫ്രാൻസിന്റെ കിരീടപ്രതീക്ഷയ്ക്ക് ഇരുട്ടടി

Monday 21 November 2022 12:20 AM IST

ദോഹ: കിരീടം നിലനിറുത്താനായി ഖത്തറിലെത്തിയ ഫ്രഞ്ച് ടീമിന്റെ നെഞ്ചുതകർത്ത് സൂപ്പർ താരം കരിം ബെൻസേമയുടെ പരിക്ക്.പരിശീലനത്തിനിടെ പരിക്കേറ്റ 34കാരനായ ബെൻസേമയ്ക്ക് കളിക്കാനാവില്ലെന്ന് ഫ്രാൻസ് കോച്ച് ദിദിയെ ദെഷാംപ്സാണ് ഇന്നലെ വെളിപ്പെടുത്തിയത് .പകരക്കാരനെയെടുക്കുമെന്ന് ആദ്യം അറിയിച്ച കോച്ച് പക്ഷേ പിന്നീട് പകരക്കാരൻ വേണ്ടെന്ന നിലപാടുമായി എത്തിയതോടെ ലോകകപ്പിന്റെ അവസാന ഘട്ടത്തിൽ ടീമെത്തിയാൽ ബെൻസേമയുടെ സേവനം പ്രയോജനപ്പെടുത്താനാകുമെന്ന പ്രത്യാശയിൽ ആരാധകരെ എത്തിച്ചിട്ടുണ്ട്.

സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് ക്ളബിനെ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബെൻസേമ ഈ വർഷത്തെ ബാൾ ഒാൺ ഡി ഓർ പുരസ്കാരജേതാവുമായിരുന്നു.സഹതാരങ്ങളുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് 2014 ലോകകപ്പിന് ശേഷം ഫ്രഞ്ച് ടീമിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടിരുന്ന ബെൻസേമ കഴിഞ്ഞ യൂറോ കപ്പോടെയാണ് തിരിച്ചെത്തിയിരുന്നത്. ഈ ലോകകപ്പിൽ വലിയ പ്രതീക്ഷയിലായിരുന്നു താരവും ആരാധകരും.

പരിശീലന വേളയിൽ തുടയ്ക്ക് പരിക്കേറ്റ ബെൻസേമയെ എം.ആർ.ഐ സ്കാനിംഗിന് വിധേയനാക്കിയപ്പോഴാണ് ഗുരുതരമാണെന്ന് മനസിലായത്. മൂന്നാഴ്ചത്തെയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന വിദഗ്ധോപദേശം ലഭിച്ചതോടെയാണ് 26 അംഗടീമിൽ നിന്ന് ഒഴിവാക്കാൻ ടീം മാനേജ്മെന്റ് തീരുമാനമെടുത്തത്.

ഫ്രാൻസിനെ ഉലച്ച് പരിക്കുകൾ

കിരീടത്തുടർച്ച ലക്ഷ്യമിടുന്ന ഫ്രാൻസിനെ പരിക്കുകൾ ആകെ തകർത്തിരിക്കുകയാണ്.

കഴിഞ്ഞ ലോകകപ്പിൽ നിർണായക പങ്കുവഹിച്ച മിഡ്ഫീൽഡർ പോൾ പോഗ്ബയെയും എൻഗോളോ കാന്റേയെയും 26 അംഗ ടീമിൽ ഉൾപ്പെടുത്താനായിരുന്നില്ല.

26 ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രിസ്നൽ കിംബപ്പെ പേശിവലിവിനെത്തുടർന്ന് പിന്മാറി. പകരം അക്സൽ ഡിസാസിയെ ഉൾപ്പെടുത്തി.

അതിന് പിറകെയാണ് സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുകുവിന് പരിശീലനത്തിനി‌ടെ പരിക്കേറ്റത്.രൻഡാൽ കൗലോ മുവാനിയെ പകരക്കാരനായി പ്രഖ്യാപിച്ചു.

തുടർന്നാണ് ബെൻസേമയെത്തന്നെ നഷ്ടമായത്.

ടീമിലുള്ള ഡിഫൻഡർ റാഫേൽ വരാനെ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.

പകരക്കാരൻ വേണ്ടെന്ന് കോച്ച്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അന്തോണി മാർഷലായിരിക്കും കരിം ബെൻസേമയുടെ പകരക്കാരൻ എന്നായിരുന്നു ആദ്യ സൂചനകൾ.പക്ഷേനന്നലെ വൈകുന്നേരത്തോടെ ബെൻസേമയ്ക്ക് പകരക്കാരനെ പ്രഖ്യാപിക്കുന്നില്ലെന്ന് കോച്ച് ദിദിയെ ദെഷാംപ്സ് അറിയിച്ചു. ഒക്ടോബർ മുതൽ പരിക്കിന്റെ പിടിയിലാണ് മാർഷൽ. ക്ളബിനായി കഴിഞ്ഞ ആറുമത്സരങ്ങളിലുംകൂടി അരമണിക്കൂറോളമേ കളത്തിലിറങ്ങിയിട്ടുള്ളൂ.

എന്റെ ഇപ്പോഴത്തെ സങ്കടം ഒരിക്കലും മറക്കാനാവില്ല. പക്ഷേ ഫിറ്റ്നെസുള്ള ഒരു കളിക്കാരന് വേണ്ടി ഞാൻ മാറിക്കൊടുക്കുന്നതാണ് ടീമിന് നല്ലത്.

- കരിം ബെൻസേമ

Advertisement
Advertisement