മുനയൊടിഞ്ഞ സെനഗലും കച്ചകെട്ടിയ ഡച്ചുകാരും

Monday 21 November 2022 12:22 AM IST

സൂപ്പർ താരം സാഡിയോ മാനേയ്ക്ക് പരിക്കുമൂലം കളത്തിലിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തകർന്നുപോയ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ അടിച്ചി‌ടാൻ കച്ചകെട്ടി ഡച്ചുകാർ ഇന്നിറങ്ങുന്നു.അൽ തുമാമ സ്റ്റേഡിയത്തിലാണ് ആഫ്രിക്കൻ കരുത്തരും ഓറഞ്ചുപടയും തമ്മിലുള്ള പോരാട്ടം അരങ്ങേറുന്നത്.

പരിക്കേറ്റിട്ടും സാഡിയോ മാനേയെ ഉൾപ്പെടുത്തിയാണ് സെനഗൽ ലോകകപ്പിനുള്ള 26അംഗ ടീം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലോകകപ്പ് തുടങ്ങും മുന്നേ അവർക്ക് സൂപ്പർ താരത്തെ ഒഴിവാക്കേണ്ടിവന്നു. ബയേൺ മ്യൂണിക്കിനായി കളിക്കുന്നതിനിടെ പരിക്കേറ്റ മാനേയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പിന്റെ ആഫ്രിക്കൻ മേഖലാ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയവരാണ് സെനഗലുകാർ. കഴിഞ്ഞമാസം നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപതിനെ തോൽപ്പിച്ച് കിരീടമണിഞ്ഞതും സെനഗലുകാർതന്നെ. എങ്കിലും കഴിഞ്ഞ ദിവസം മാനേയെക്കൂടാതെ സൗഹൃദ മത്സരത്തിനിറങ്ങി ഇറാനോട് സമനില വഴങ്ങിയത് അവരെ അലട്ടുന്നുണ്ട്. മാനേയുടെ അഭാവത്തിൽ കാലിഡോ കൗലിബാലി,ഇദ്രിസ ഗുയെ,ഇസ്മയില സാർ,അബ്ദോ ഡയാലോ, ഗോളി എഡ്വാർഡ് മെൻഡി തുടങ്ങിയവരിലാണ് സെനഗളീസ് പ്രതീക്ഷകൾ.

മറുവശത്ത് യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായവരാണ് ഹോളണ്ട്.കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തിൽ കരുത്തരായ ബെൽജിത്തെ കീഴടക്കാനായത് അവർക്ക് കരുത്ത് പകരുന്നു. വിർജിൽ വാൻഡിക്ക്,ഫ്രെങ്കീ ഡിയോംഗ്,മത്തീസ് ഡിലൈറ്റ്,ലൂക്ക് ഡിയോംഗ്,ഡേലി ബ്ളിൻഡ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. പരിചയ സമ്പന്നനായ ലൂയിസ് വാൻഗാലാണ് പരിശീലകൻ.

സെനഗലിനെതിരെ ഇതുവരെ കളിച്ചിട്ടില്ലാത്ത ടീമാണ് ഹോളണ്ട്.

ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിൽ ഇതുവരെ ഒരു യൂറോപ്യൻ രാജ്യത്തോടും സെനഗൽ തോറ്റിട്ടില്ല.

തങ്ങളുടെ കഴിഞ്ഞ എട്ട് ലോകകപ്പിലും ആദ്യ മത്സരത്തിൽ ഹോളണ്ട് തോറ്റിട്ടില്ല.

2002ൽ ഫ്രാൻസിനെ 1-0ത്തിന് തോൽപ്പിച്ച മത്സരത്തിലൊഴികെ സെനഗലിന് ലോകകപ്പിൽ ക്ളീൻ ഷീറ്റുകളില്ല.

8 ഫിഫ റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ് ഹോളണ്ട്

18 ആണ് ഫിഫ റാങ്കിംഗിൽ സെനഗലിന്റെ സ്ഥാനം.

ഡെപേയ് കളിക്കില്ല

സെനഗലിനെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഹോളണ്ടിന്റെ സൂപ്പർ താരം മെ‌ംഫിസ് ഡെപേയ് കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. പരിക്കിന്റെ പി‌ടിയിലുള്ള ഡെപേയെ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം കളത്തിലറക്കിയാൽ മതിയെന്നാണത്രേ കോച്ച് വാൻ ഗാലിന്റെ തീരുമാനം.

Advertisement
Advertisement