എല്ല് പൊട്ടിയിട്ടും ശസ്ത്രക്രിയ നടത്തിയത് ഒരാഴ്ച കഴിഞ്ഞ്, വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

Monday 21 November 2022 7:16 AM IST

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയെന്നും ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി. 'മെഡിക്കൽ കോളേജിലേക്ക് പൊക്കോ ഇൻഫെക്ഷൻ വന്നിട്ടുണ്ടെന്ന് പതിനൊന്നാം തീയതിയാണ് പറയുന്നത്. അപ്പോഴേക്കും മോന്റെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു.

തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയും മികച്ച ചികിത്സ കിട്ടിയില്ല. കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അവനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചാണ് കൈമുട്ടിന് താഴേയുള്ള ഭാഗം മുറിച്ച് മാറ്റിയത്.

എന്റെ മോന് വന്നത് ഡോക്ടറുടെ പിഴവാണെന്ന് നൂറ് ശതമാനം ഉറപ്പാണ്. ആദ്യമേ അവർ നന്നായി നോക്കിയിരുന്നെങ്കിൽ എന്റെ മോന് കൈയും ഭാവിയും ഒന്നും നഷ്ടപ്പെടില്ലായിരുന്നു.'- കുട്ടിയുടെ മാതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.