പി ജയരാജന് സർക്കാർ വക മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കാർ; നടപടി കടുത്ത സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെ

Monday 21 November 2022 10:48 AM IST

തിരുവനന്തപുരം: സി പി എം നേതാവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് സർക്കാർ വക പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ വാഹനം വാങ്ങുന്നത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഈ മാസം പതിനേഴിന് വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്കും ചെലവ് ചുരുക്കലിനുമിടെയാണ് മുപ്പത്തിയഞ്ച് ലക്ഷം രൂപ കാറിനായി ചെലവഴിക്കുന്നത്.

വ്യവസായ മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ബോർഡാണ് പി ജയരാജന് കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകുകയായിരുന്നു. ഹൈക്കോടതി ജഡ്‌ജിമാർക്ക് വേണ്ടി നാല് കാറുകൾ വാങ്ങാനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.