കഥയുടെ രാജശില്പി ടി. പദ്മനാഭന് കലാഗ്രാമത്തിൽ വെങ്കല പ്രതിമ

Tuesday 22 November 2022 4:23 AM IST

ന്യൂമാഹി: കലാഗ്രാമത്തിൽ സ്ഥാപിച്ച, കഥയുടെ രാജശില്പി ടി. പദ്മനാഭന്റെ വെങ്കല പ്രതിമ ശശി തരൂർ എം.പി അനാവരണം ചെയ്തു. കലാഗ്രാമം മാനേജിംഗ് ട്രസ്റ്റി എ.പി. കുഞ്ഞിക്കണ്ണൻ മുൻകൈയെടുത്ത് ന്യൂമാഹി മലയാള കലാഗ്രാമത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ഇതോടനുബന്ധിച്ച് ഒരുക്കിയ സ്നേഹാദരം പരിപാടി സ്പീക്കർ എ. എൻ. ഷംസീ‌ർ ഉദ്ഘാടനം ചെയ്തു. 'പ്രതിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്റെ എല്ലാ ഭാവങ്ങളും ആ പ്രതിമയിൽ സ്ഫുരിക്കുന്നുണ്ട്. ഒരു പോടാ പോ എന്ന ധിക്കാരം ആ മുഖത്ത് നിഴലിക്കുന്നുണ്ടെ"ന്നും പദ്മനാഭൻ പറഞ്ഞു.

അത്യന്തം പാവനമായ സ്നേഹത്തിന്റെ കഥയാണ് താനും എ.പി. കുഞ്ഞിക്കണ്ണനും തമ്മിലുള്ള 70 വർഷത്തെ അടുപ്പമെന്നും ടി.പദ്മനാഭൻ പറഞ്ഞു. എന്നോടുള്ള സ്നേഹത്തിന്റെ ഭാഗമായി പ്രതിമ സ്ഥാപിക്കണമെന്നു ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ അദ്ദേഹത്തെ വിലക്കിയെങ്കിലും പിന്മാറാൻ തയ്യാറായില്ല. ജീവിച്ചിരിക്കുമ്പോൾ പ്രതിമ സ്ഥാപിക്കുന്ന ശീലം മലയാളികൾക്ക് ഇല്ലാത്തതിനാലാണ് വിലക്കിയത്. പക്ഷേ, ഒടുവിൽ അദ്ദേഹത്തിന്റെ സ്നേഹത്തിനു മുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു.

എ.പി. കുഞ്ഞിക്കണ്ണനുമായുള്ള ആത്മബന്ധം പ്രകടമാക്കുന്ന നിരവധി കഥകളും ലേഖനങ്ങളും ഞാൻ എഴുതിയിട്ടുണ്ട്. ഒരു പക്ഷേ, അതിനുള്ള കടപ്പാടായിരിക്കാം ഈ പ്രതിമ നിർമ്മാണമെന്നും പദ്മനാഭൻ പറഞ്ഞു.

എം.കെ. രാഘവൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. എ.പി. കുഞ്ഞിക്കണ്ണൻ, ഡോ. എ.പി.ശ്രീധരൻ, കെ.എ.ജോണി, നാരായണൻ കാവുമ്പായി, അർജുൻ പവിത്രൻ എന്നിവർ പ്രസംഗിച്ചു. ശില്പി എൻ. മനോജ് കുമാറിനെ ആദരിച്ചു. ഡോ. മഹേഷ് മംഗലാട്ട് സ്വാഗതവും ചാലക്കര പുരുഷു നന്ദിയും പറഞ്ഞു.

Advertisement
Advertisement