സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടത് 23 വർഷമായി ജോലിനോക്കുന്ന ഫോട്ടോഗ്രാഫറെ; അനുവദിച്ചതിൽ നിന്ന് അധികമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന് രാജ്‌ഭവൻ

Monday 21 November 2022 8:26 PM IST

തിരുവനന്തപുരം: ഇരുപതോളം ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു എന്ന വാർത്തയിൽ വിശദീകരണവുമായി രാജ്‌ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്നും അധികമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്ന് രാജ്‌ഭവൻ വ്യക്തമാക്കി. 23 വർഷമായി രാജ്‌ഭവനിൽ ജോലി നോക്കുന്ന ഫോട്ടോഗ്രാഫറെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് രാജ്‌ഭവൻ നൽകുന്ന വിശദീകരണം. മാത്രമല്ല ഗവർണറുടെ പേഴ്‌സണൽ സ്‌റ്റാഫിന് പെൻഷനില്ല. അത് അനുവദിക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്നും രാജ്‌ഭവൻ അറിയിക്കുന്നു.

ഏകദേശം രണ്ട് വർഷം മുൻപ് 2020 ഡിസംബറിലാണ്അഞ്ച് വർഷം മാത്രം സേവനപരിചയമുള്ള കുടുംബശ്രീ മുഖേന നിയമിതരായവർക്ക് വേണ്ടി ഗവർണർ ശുപാർശ ചെയ്‌തത്. ഇതുകൂടാതെ രാജ്ഭവനിലെ തൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി 'സൈഫർ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്തിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നു. ഫ്രെബുവരി 17നാണ് ഈ ഉത്തരവിറക്കിയത്.