ഹിജാബ് പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ലോകകപ്പ് മത്സരത്തിൽ ദേശീയഗാനം ആലപിക്കാതെ ഇറാൻ ടീം അംഗങ്ങൾ

Monday 21 November 2022 9:07 PM IST

ദോഹ: ലോകകപ്പ് മത്സരത്തിന് മുന്നോടിയായി പങ്കെടുക്കുന്ന രാജ്യങ്ങളിലെ താരങ്ങൾ ദേശീയ ഗാനം ആലപിക്കുന്ന പതിവുണ്ട്. ഇന്ന് ഇംഗ്ളണ്ടും ഇറാനും തമ്മിൽ നടന്ന മത്സരത്തിൽ എന്നാൽ ഇറാൻ താരങ്ങൾ ഇത് വ്യത്യസ്‌തമായൊരു പ്രതിഷേധത്തിന്റെ അരങ്ങാക്കി മാറ്റി. സ്‌റ്റേഡിയത്തിൽ ഇറാനിയൻ ദേശീയഗാനം മുഴങ്ങിയപ്പോൾ ആലപിക്കാതെയാണ് അവർ രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഇറാൻ ഭരണകൂടത്തെ മാത്രമല്ല ലോകമാകെയുള‌ള ജനതയുടെ ശ്രദ്ധ ആകർഷിച്ച പ്രതിഷേധമായി മാറി ഇത്. മത്സരം കാണാനെത്തിയ ഇറാനിയൻ വനിതകൾ നിറകണ്ണുകളോടെ താരങ്ങളുടെ ഐക്യദാർഢ്യത്തോട് പ്രതികരിച്ചു. തങ്ങളുടെ കൂട്ടായ തീരുമാനമാണ് ദേശീയ ഗാനം ആലപിക്കാത്തതെന്ന് ഇറാൻ നായകൻ അലിരേസ ജഹാൻബക്ഷ് അറിയിച്ചു. സെപ്‌തംബർ മാസത്തിലാണ് ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് പൊലീസ് കസ്‌റ്രഡിയിലെടുത്ത 22കാരിയായ മഹ്‌സ അമിനി മരണമടഞ്ഞത്. മഹ്‌സയുടെ മരണത്തോടെ രാജ്യത്ത് സ്‌ത്രീകളുടെ വസ്‌ത്രധാരണത്തിനെതിരായ നിയമത്തിന്റെ പേരിൽ കനത്ത പ്രക്ഷോഭമാണ് നടന്നത്. നിരവധി പേർ മരണമടയുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുകയും ചെയ്‌തു. സമൂഹമാദ്ധ്യമങ്ങളടക്കം നിയന്ത്രിച്ചും ഇന്റർനെ‌റ്റ് സംവിധാനങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നും ഇറാൻ ഭരണകൂടം ഉരുക്കുമുഷ്‌ടിയുപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഇതിനിടെ ഇന്നത്തെ മത്സരത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഇറാനെ ഇംഗ്ളണ്ട് പരാജയപ്പെടുത്തി.