കളി​കാണിക്കാൻ വീടുവാങ്ങി​ 17 ഫുട്ബാൾ പ്രേമി​കൾ

Tuesday 22 November 2022 4:43 AM IST

കളമശേരി: കങ്ങരപ്പടി മുണ്ടയ്ക്കമുഗളിലെ 17 ഫുട്ബാൾ പ്രേമികൾ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റത്, 23 ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റി​ലെ പഴയ കെട്ടി​ടംവാങ്ങി​ നാട്ടുകാർക്ക് മത്സരം കാണാൻ സൗകര്യം ഒരുക്കി.

വീടിന്റെ ചുവരുകളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ പതാകകൾ വരച്ചു. 20 അടി ഉയരത്തിൽ കട്ടൗട്ടുകൾ സ്ഥാപിച്ചു. കളികാണാൻ പന്തലിട്ടു. 55 ഇഞ്ച് ടിവിയും വാങ്ങി​. ദി​വസം 50-60 പേർ കളി​കാണാനെത്തുന്നുണ്ട്. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ഫാൻസുകാർ ടീമി​ന്റെ കളി​യുള്ള ദി​വസം ചായവി​തരണവും പ്ളാൻ ചെയ്യുന്നുണ്ട്.

കളമശേരി​ മെഡി​ക്കൽ കോളേജി​നു സമീപം വട്ടപ്പരി​ത - മുണ്ടയ്ക്കാമുഗൾ റോഡരി​കി​ലെ വീട് ബക്കർ എന്നയാളി​ൽ നി​ന്നാണ് 17 പേരുടെയും പേരിൽ ഭൂമി വാങ്ങി ആധാരം രജിസ്റ്റർ ചെയ്തത്. തുല്യമാണ് എല്ലാവരുടെയും ഓഹരി​.

ഈ പ്രദേശത്തെ വഴി​യരി​കുകളി​ൽ വൈകുന്നേരങ്ങളി​ൽ സൗഹൃദക്കൂട്ടായ്മകൾ പതി​വാണ്. അങ്ങ​നെയൊരു കൂട്ടായ്മയുടെ ഭാഗമായി രൂപപ്പെട്ടതാണ് ഈ പദ്ധതി​. സംഘത്തി​ൽ രണ്ട് ബി​.ടെക്കുകാർ മുതൽ ഡ്രൈവർമാരും പെയി​ന്റർമാരും വരെയുണ്ടെന്ന് ഉടമകളിലൊരാളും മറൈൻ എൻജി​നി​യറുമായ പരപ്പത്ത് ഷെമീർ പറഞ്ഞു.

ഇനി​ ഇവി​ടെ കടമുറി​യും പൊതുഇടമായി​ ഓഫീസും പണി​യും. റോഡി​ലെ ഇരി​പ്പ് ഓഫീസ് മുറി​യി​ലേക്ക് മാറ്റും. നേരത്തേതന്നെ സുഹൃദ്സംഘം ജീവകാരുണ്യപ്രവർത്തനങ്ങളും മറ്റും നടത്തിയിരുന്നു. കെട്ടി​ടം പുതുക്കിയശേഷം സംഘത്തി​ന് പേരി​ടാനും രജി​സ്റ്റർ ചെയ്യാനും പ്ളാനുണ്ടെന്ന് ഷെമീർ പറഞ്ഞു.

ക്യാപ്ഷൻ: ലോകകപ്പ് ഫുട്ബാൾ മത്സരം കാ ണുന്നതിന് സൗകര്യമൊരുക്കിയിട്ടുള്ള കങ്ങരപ്പടി​ മുണ്ടയ്ക്കാമുഗളി​ലെ വീട്

Advertisement
Advertisement