എയ്ഡഡ് സംവരണത്തിനായി പ്രക്ഷോഭം തുടങ്ങും: പുന്നല

Tuesday 22 November 2022 4:53 AM IST

കോട്ടയം: എയ്ഡഡ് മേഖലയിൽ സംവരണം ഉറപ്പുവരുത്താനായി പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. എയ്ഡഡ് മേഖലയിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണത്തിനായും പട്ടികവിഭാഗങ്ങളുടെ ഭൂരാഹിത്യത്തിന് പരിഹാരം തേടിയും ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന അവകാശ പ്രഖ്യാപന സംഗമം കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണം അവസാനിപ്പിക്കുന്നതിന് ഇടപെടലുണ്ടാകുന്ന വിധത്തിലാണ് സുപ്രീംകോടതി വിധി. മുന്നാക്ക സംവരണം നടപ്പാക്കാൻ വ്യഗ്രത കാണിക്കുകയും പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമിതി ചെയർമാൻ കെ.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.കെ സജീവ് അവകാശ പ്രഖ്യാപനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28ലധികം സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ട്രഷറർ അഡ്വ.വി.ആർ രാജു സ്വാഗതവും അഖില കേരള ഹിന്ദു സാംബവ മഹാസഭ ഡയറക്ടർ ബോർഡ് അംഗം കെ.വി അജയകുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement