മേയറുടെ ശുപാർശ കത്ത്; ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം, നഗരസഭ യോഗം ചേരും

Tuesday 22 November 2022 7:00 AM IST

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാർശയിൽ ഇന്ന് ഡി ജി പി തീരുമാനമെടുക്കും. കേസെടുത്ത് തുടരന്വേഷണം ആരംഭിക്കാൻ ഡി ജി പി ഉത്തരവിടാനാണ് സാദ്ധ്യത. ക്രൈം ബ്രാഞ്ചോ പ്രത്യേക സംഘമോ ആയിരിക്കും കേസന്വേഷിക്കുക.

താത്കാലിക ഒഴിവുകളിലെ നിയമനത്തിന് മുൻഗണന പട്ടിക ആവശ്യപ്പെട്ട് നഗരസഭ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന വിവാദത്തിൽ കത്തിന്റെ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല. കത്ത് തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാ‌ർശ നൽകിയത്. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താൻ ലോക്കൽ പൊലീസ് അല്ലെങ്കിൽ സൈബർ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വ്യാജ കത്ത് നിർമ്മിച്ച് അനധികൃത നിയമനം നടത്തിയെന്ന മുൻ കൗൺസിലർ ശ്രീകുമാറിന്റെ ഹൈക്കോടതിയിലെ ഹർജിയിൽ കോടതി വിജിലൻസിനോട് വിശദീകരണം തേടിയിരുന്നു. ഈ റിപ്പോർട്ടും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

കത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാൽ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാൽ യഥാർത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. മേയറുടെ കത്തുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അതേസമയം, പ്രതിഷേധങ്ങൾക്കിടെ ഇന്ന് വീണ്ടും നഗരസഭാ യോഗം ചേരും.കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.