റേഷൻകട അടച്ച് സമരം: നോട്ടീസ് നൽകി സമര സമിതി

Wednesday 23 November 2022 12:41 AM IST

തിരുവനന്തപുരം: കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് 26 മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് കാട്ടി റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സർക്കാരിന് നോട്ടിസ് നൽകി. 14,500 ഓളം വ്യാപാരികൾക്ക് ഒക്ടോബർ മാസത്തെ കമ്മിഷൻ നൽകാൻ 29.51 കോടി വേണമെങ്കിലും 14.46 കോടി മാത്രം ധനവകുപ്പ് അനുവദിച്ചതിനെ തുട‌ർന്നാണ് സമരം. അതേസമയം, പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ തിരക്കിട്ടു ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ.ആർ.ഇ.യു (സി.ഐ.ടി.യു), കെ.ആർ.ഇ.യു (എ.ഐ.ടി.യു.സി) സംഘടനകൾ ചേർന്നു രൂപം നൽകിയ സമര സമിതിയാണ് സിവിൽ സപ്ലൈസ് കമ്മിഷണർക്ക് സമര നോട്ടിസ് നൽകിയത്.

ബാക്കി തുക നൽകാമെന്ന് ഇന്നലെ ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചെങ്കിലും ധനവകുപ്പിൽ നിന്നു രേഖാമൂലം ഉറപ്പ് വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സർക്കാർ തുടർച്ചയായി അവഗണിക്കുന്നുവെന്ന് റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. സൗജന്യ കിറ്ര് വിതരണം ചെയ്ത വകയിൽ 10 മാസത്തെ കൈകാര്യ ചെലവ് നൽകിയിട്ടില്ല. കടവാടക പ്രതിമാസം കുറഞ്ഞത് 3,000 രൂപയാണ്. സെയിൽസ്‌മാന്റെ കൂലി വർദ്ധിച്ചു. എന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് അവഗണനയാണ് ഉണ്ടാകുന്നതെന്ന് സമരസമിതി കൺവീനർ ടി.മുഹമ്മദാലി പറഞ്ഞു.

കമ്മിഷൻ മുടങ്ങില്ല:

മന്ത്രി അനിൽ

റേഷൻ വ്യാപാരികളുടെ കമ്മിഷൻ മുടങ്ങാതിരിക്കാൻ വേണ്ടതു ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേന്ദ്രം പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷ്യ ധാന്യങ്ങൾക്കുള്ള കമ്മിഷൻ കൂടി കണ്ടെത്തേണ്ടിവന്ന സാഹചര്യത്തിലാണ് ബ‌ഡ്ജറ്റ് വിഹിതം മതിയാകാതെ വന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ കമ്മിഷൻ ഇനത്തിൽ 216 കോടിയാണ് വകയിരുത്തിയത്. ഇത് അപര്യാപ്തമായതിനാൽ 102 കോടി അധികമായി അനുവദിക്കണമെന്ന ശുപാർശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇത് ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.