കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനിൽക്കും, സർക്കാർ ഹൈക്കോടതിയിൽ

Wednesday 23 November 2022 2:34 PM IST

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാ കുറ്റം ഒഴിവാക്കിയതിനെതിരെ സർക്കാർ‌ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്നാണ് സർക്കാരിന്റെ വാദം. കീഴ്ക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും സർക്കാ‌ർ ഹർജിയിൽ ആവശ്യപ്പെട്ടു.

കെഎം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരെ ചുമത്തിയ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒഴിവാക്കിയിരുന്നു. പ്രതികൾ നൽകിയ വിടുതൽ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരെ നിലനില്‍ക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജൂലായ് 20ന് പ്രതികള്‍ വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.