കുഫോസ് ആക്ടിംഗ് വി സിയായി ഡോ. എം. റോസലിൻഡ് ജോർജിനെ നിയമിച്ചു, ഗവർണറുടെ ഉത്തരവ് റിജി ജോണിന്റെ നിയമനം റദ്ദാക്കിയതിനെ തുടർന്ന്

Wednesday 23 November 2022 6:45 PM IST

തിരുവനന്തപുരം: കുഫോസ് ആക്ടിംഗ് വി.സിയായി ഡോ.എം.റോസലിൻഡ് ജോർജിനെ നിയമിച്ച് ഗവർണർ ഉത്തരവിട്ടു. ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല കേസിൽ തീർപ്പാകും വരം ആക്ടിംഗ് വി.സിയെ ഗവർണർക്ക് നിയമിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോസലിൻഡ് ജോർജിന്റെ നിയമനം.

ഫിഷറീസ് സർവകലാശാലയിലെ ഫാക്കൽറ്റി ഡീനും മുതിർന്ന പ്രൊഫസറുമാണ് റോസലിൻഡ് ജോർജ്. നിലവിലെ ചുമതലകൾക്ക് പുറമെ വി.സിയുടെ ചുമതലയും ഏറ്രെടുക്കണമെന്ന് രാജ്ഭവൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചാൻസലറെന്ന നിലയിൽ യു.ജി.സി മാർഗനിർദ്ദേശങ്ങളും സർവകലാശാല നിയമവും പാലിച്ചാണ് ഉത്തരവെന്ന് ഗവർണർ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ,​ ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഡോ,​ കെ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. യു,​ജി.സി ചട്ടങ്ങൾ പാലിച്ച് പുതിയ വി.സിയെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു,​