എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്തവർഷം തുടക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Wednesday 23 November 2022 10:03 PM IST

മുടപുരം: സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്തവർഷം തുടക്കം കുറിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചിറയിൻകീഴ് മണ്ഡലത്തിൽ പുനർനിർമ്മിച്ച പുതുക്കുറിച്ചി പാലം,വെട്ടു‌റോ‌ഡ് സെന്റ് ആൻഡ്രൂസ് റോഡ്,മംഗലപുരം പഞ്ചായത്തിലെ മുറിഞ്ഞപാലം,തോന്നയ്ക്കൽ കല്ലൂർ മഞ്ഞമല റോഡ്, തോന്നയ്ക്കൽ വാലികോണം വെയിലൂർ റോഡ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് കോടി രൂപ ചെലവിൽ വീതി കൂട്ടി പുനർനിർമ്മിച്ച മുറിഞ്ഞ പാലം,ദേശീയപാതയെയും വേങ്ങോട്,പോത്തൻകോട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത അപ്പ്രോച്ച് റോഡുകളെല്ലാം ബി.എം.ബി.സി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,ജില്ലാ പഞ്ചായത്തംഗം വേണുഗോപാലൻ നായർ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,ക്ഷേമകാരി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീജ,പഞ്ചായത്തംഗങ്ങളായ ശ്രീലത,തോന്നയ്ക്കൽ രവി,ജുമൈല ബീവി,ജയ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,സ്വാഗതസംഘം ചെയർമാൻ മധു മുല്ലശ്ശേരി, സ്വാഗതസംഘം കൺവീനർ തോന്നയ്ക്കൽ രാജേന്ദ്രൻ,പൊതുമരാമത്ത് ചീഫ് എൻജിനിയർമാരായ അശോക് കുമാർ,അജിത് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.