നിയമനക്കത്ത് വിവാദം: മേയറുടെ മൊഴി ഇന്ന് വീണ്ടുമെടുക്കും, കോർപ്പറേഷനിൽ വിശദ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Thursday 24 November 2022 7:55 AM IST

തിരുവനന്തപുരം: കോർപ്പറേഷനിലെ ശുപാർശക്കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും. നഗരസഭയിൽ സാങ്കേതിക സഹായത്തോടെ വിശദ പരിശോധനയും നടത്തും. മേയർ, സെക്രട്ടറി, ആരോപണ വിധേയനായ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എന്നിവരുടെ ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പെടെ പരിശോധിക്കും.ഇതിനൊപ്പം പട്ടിക തയ്യാറാക്കി സംശയമുള്ളവരെ ചോദ്യം ചെയ്യും. കത്ത് പുറത്തുവന്ന സമൂഹ മാദ്ധ്യമങ്ങൾ, ചാറ്റുകൾ, ഫോൺ കോളുകൾ എന്നിവയും പരിശോധിക്കും. മേയറുടെ യഥാർത്ഥ ഒപ്പ്, മേയറുടെ അസാന്നിദ്ധ്യത്തിൽ രേഖപ്പെടുത്തുന്ന ഒപ്പ് (സ്പെസിമൻ) എന്നിവ ശേഖരിക്കും. മേയറുടെ ലെറ്റർപാഡിന്റെ മാതൃകയും ലഭിച്ച കത്തിന്റെ മാതൃകയും പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒത്തു നോക്കും.

കേസിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾതന്നെ മേയറുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കത്ത് വ്യാജമാണെന്നായിരുന്നു അന്ന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്.

സോഷ്യൽ മീഡിയ വഴി പ്രചരിച്ച ശുപാർശക്കത്ത് കോർപ്പറേഷനുള്ളിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കത്ത് തയ്യാറാക്കി ആരാണ് വാട്സാപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണത്തിലൂടെയേ സാധിക്കൂ കേസെടുക്കാൻ വൈകിയതിനാൽ സുപ്രധാനമായ പല തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷം ഉൾപ്പടെ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, കത്ത് വിവാദം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഇതുസംബന്ധിച്ച പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നു കാട്ടി ഓംബുഡ്സ്മാൻ നോട്ടീസിന് ഇന്നലെ നഗരസഭ മറുപടി നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് കെ.പി ആക്ട് 1994 ചട്ടമനുസരിച്ച് ഓംബുഡ്സ്മാൻ മുമ്പാകെ നിലനിൽക്കുന്നതല്ലെന്നാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടി.

സംഭവത്തിൽ പൊലീസ് അന്വേഷണവും നടക്കുന്നതിനാൽ ഓംബുഡ്സ്‌‌മാന് പരാതി പരിഗണിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പരാതി നിരസിക്കണമെന്നും ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോടാണ് ഓംബുഡ്സ്മാന് പരാതി നൽകിയത്.