'ഇതല്ല യഥാർത്ഥ ജനാധിപത്യം മേയർ ഇപ്പോഴും പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു'; തലസ്ഥാനത്തെ കോൺഗ്രസ് സമരവേദിയിൽ ശശി തരൂർ

Thursday 24 November 2022 11:52 AM IST

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ ഇപ്പോഴും പാർട്ടിക്കു വേണ്ടി മാത്രം പ്രവർത്തിക്കുകയാണെന്ന് ശശി തരൂർ എംപി. തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ പ്രതിഷേധിക്കുന്ന യുഡിഎഫ് സമരവേദി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഏത് പാർട്ടിയിൽ നിന്ന് മത്സരിക്കുന്നു എന്നതല്ല. ജയിച്ച് കഴിഞ്ഞ് സ്ഥാനം ലഭിച്ചാൽ എല്ലാവരുടെയും മേയറാകണം. നമ്മുടെ നാട്ടിൽ ജോലി തേടി നടക്കുന്ന യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. ഇതിൽ പ്രതിഷേധിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് നേരെ പൊലീസ് എന്തുമാത്രം ക്രൂരതയാണ് കാണിച്ചത്. ഇതൊരിക്കലും ക്ഷമിക്കാൻ സാധിക്കില്ല. നാല് കെഎസ്‌യു പ്രവർത്തകർ 18 ദിവസമായി ജയിലിലാണ്. 14 യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജയിലിലാണ്. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയും എംപിയുമായ ജെബി മേത്തർ ഉൾപ്പെടെ നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിലാണ്. എന്തിനുവേണ്ടിയാണ് ഈ ക്രൂരതകൾ. ഇതല്ല യഥാർത്ഥ ജനാധിപത്യം.'- പ്രതിഷേധക്കാർക്ക് പിന്തുണ നൽകിക്കൊണ്ട് ശശി തരൂർ പറഞ്ഞു.