സാക്ഷരത പ്രേരക്മാർ സമരത്തിലേക്ക്

Friday 25 November 2022 12:57 AM IST

ചിറ്റൂർ: സാക്ഷരത പ്രേരക്മാരെ തദ്ദേശ സ്ഥാപനങ്ങളിൽ നിയമിക്കാനുള്ള തീരുമാനം നടപ്പിലാക്കണമെന്നും ശമ്പള കുടിശിക ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രേരക്മാർ സംസ്ഥാന തലത്തിൽ സമരത്തിന് ഒരുങ്ങുന്നു.

വകുപ്പുകൾ തമ്മിൽ ധാരണയാകാത്തതിനെ തുടർന്ന് പ്രേരക്മാരുടെ പുനർ വിന്യാസ നടപടികളും പാതിവഴിയിൽ നിലച്ചു. ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി നടത്തിപ്പും മന്ദഗതിയിലായി. മാർച്ച് 21ലെ ഉത്തരവനുസരിച്ച് ഇവർക്ക് വേതനം നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. എന്നാൽ തദ്ദേശ-ധന വകുപ്പുകൾ തമ്മിൽ ധാരണയാകാത്തതിനാൽ ശമ്പളം ലഭിക്കാതെ പ്രേരക്മാർ പ്രതിസന്ധിയിലാണ്. ജൂലായ് വരെ വേതനത്തിന്റെ ഒരു ഭാഗം സാക്ഷരതാ മിഷൻ നൽകി. ഇപ്പോൾ അതും ലഭിക്കുന്നില്ല. പ്രേരക്മാരുടെ ശമ്പളം വർദ്ധിപ്പിച്ച് അവരെ പുനർവിന്യസിക്കാനുള്ള ഉത്തരവിനൊപ്പം വേതന കാര്യത്തിൽ തീരുമാനമെടുക്കാൻ തദ്ദേശ വകുപ്പിന് മൂന്നുമാസം സമയം നൽകിയെങ്കിലും ധനവകുപ്പ് ഇനിയും പരിഗണിച്ചില്ല. തദ്ദേശവകുപ്പ് സ്വന്തം ഫണ്ടിൽ നിന്ന് തുക കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. 3000 മുതൽ 6000 രൂപ വരെയായിരുന്ന വേതനം 2017ൽ പുതുക്കിയെങ്കിലും മൂന്നുമാസം മാത്രമാണ് അതനുസരിച്ച് തുക ലഭിച്ചത്.

  • സമര സമിതി രൂപീകരിച്ചു

സമരത്തിന് മുന്നോടിയായി ശശികുമാർ ചേളന്നൂർ ചെയർമാനും കെ.പി.അശോകൻ കൺവീനറുമായി പ്രേരക്മാരുടെ സംഘടനകൾ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ജി.രാജീവ്, വി.എം.അശോക് കുമാർ, അഷ്‌റഫ് മണ്ണാർമല, ബിജോയ് പെരുമാട്ടി, കെ.ജെ.ഷൈജ എന്നിവരാണ് മറ്റു ഭാരവാഹികൾ.