ബസ് സ്റ്റാൻഡാണ്; പക്ഷേ, ബസുകൾക്ക് ഇടമില്ല
ഷൊർണൂർ: നഗരസഭയ്ക്ക് കുളപ്പുള്ളിയിൽ ഒരു ബസ് സ്റ്റാൻഡ് ഉണ്ട്. പക്ഷേ ബസുകൾക്ക് അവിടെ ഒരിടമില്ല. ബസുകൾ നിറുത്തേണ്ട സ്ഥലം മുഴുവൻ ഇരുചക്ര വാഹനങ്ങൾ കൈയ്യടക്കിയതാണ് കാരണം. സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ തോന്നിയ പോലെ നിറുത്തിയിടുന്നത് വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടാകുന്നു. കാറുകളും പെട്ടി ഓട്ടോകളുമടക്കം രാപ്പകൽ ഭേദമില്ലാതെ ഇവിടെ നിറുത്തിയിടുന്നു. രാവിലെ നിറുത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾ പലപ്പോഴും വൈകിട്ടാണ് എടുത്തുമാറ്റുക. ഇതോടെ ബസുകൾക്ക് സ്റ്റാൻഡിൽ കയറിയിറങ്ങാനാവാത്ത സ്ഥിതിയാണ്. നഗരസഭയും പൊലീസും ഇതിനെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല.
സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ 20 വർഷത്തിലധികം പഴക്കമുള്ളതാണ്. തുരുമ്പെടുത്ത് ദ്രവിച്ച കസേരകളിൽ ഇരിക്കാനാവില്ല. അടിയന്തരമായി ഇവ നന്നാക്കി സ്റ്റാൻഡ് നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
- ബസ് കയറാൻ നടുറോഡിൽ നിൽക്കണം
കുളപ്പുള്ളി സ്റ്റാൻഡിലേക്ക് മുഴുവൻ ബസുകളും കയറുന്നില്ലെന്ന പരാതിക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. ദീർഘദൂര യാത്രക്കാർ ബസുകളിൽ കയറുന്നതിനായി സ്റ്റാന്റിൽ നിന്നാൽ നില്പ് മാത്രം ബാക്കിയാകും. ബസുകൾ സ്റ്റാന്റിൽ കയറാതെ കുളപ്പുള്ളി ജംഗ്ഷനിലാണ് നിറുത്തുന്നത്.
- ടൗൺ സ്റ്റാൻഡ് അടച്ചിടും
അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഷൊർണൂർ ടൗണിലെ ബസ് സ്റ്റാൻഡ് ഇന്ന് വൈകിട്ട് ആറുമുതൽ ഡിസംബർ രണ്ടുവരെ അടച്ചിടുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.