ഒറ്റപ്പേരുള്ള ഇന്ത്യക്കാർക്ക് പ്രവേശനം നൽകാം, ഈ ഒറ്റ നിബന്ധനയിൽ; മാർഗനിർദേശം പുതുക്കി യു എ ഇ

Thursday 24 November 2022 5:06 PM IST

അബുദാബി: പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ള ഇന്ത്യക്കാർക്ക് പ്രവേശനം വിലക്കിയത് ഏറെ ആശങ്കകൾ ഉയർത്തിയതിന് പിന്നാലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി യു എ ഇ. ചില വ്യവസ്ഥകൾ പാലിക്കുന്നവർക്ക് പ്രവേശനം അനുവദിക്കുമെന്ന് പുതുക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

പാസ്‌പോർട്ടിന്റെ രണ്ടാം പേജിൽ യാത്രക്കാരന്റെ പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് നൽകിയിട്ടുള്ളവർക്ക് യു എ ഇയിൽ പ്രവേശിക്കാമെന്നാണ് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ( സി ജി ഐ) ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ മാർഗനിർദേശം യു എ ഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് ലഭിച്ചതായി കാണിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും പുറത്തിറക്കിയ സെർക്കുലറാണ് സി ജി ഐ പങ്കുവച്ചത്.

സെർക്കുലർ എയർ ഇന്ത്യ ട്രാവൽ ഏജന്റുകൾക്ക് കൈമാറിയിരുന്നു. അതേസമയം, സന്ദർശന വിസയിൽ ഇന്ത്യയിലേയ്ക്ക് വരുന്നവർക്ക് മാത്രമാണ് പുതിയ വ്യവസ്ഥപ്രകാരം യു എ ഇയിലേയ്ക്ക് പോകാനും വരാനും ആവുകയെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.

ഇന്ത്യൻ പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള യാത്രക്കാരെ യു എ ഇയിലേയ്ക്കും തിരിച്ചും പോകാൻ അനുവദിക്കില്ലെന്ന് യു എ ഇ ഇൻഡിഗോ എയർലൈൻസിനെ അറിയിച്ചിരുന്നു. ടൂറിസ്റ്റ് വിസ, സന്ദർശന വിസ, താത്‌കാലിക വിസ, വിസ ഓൺ അറൈവൽ എന്നിങ്ങനെയുളള വിസകൾക്കാണ് വിലക്ക് ബാധകമായിരുന്നത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. എന്നാലിത് യാത്രക്കാർക്കിടയിൽ പല ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കിയിരുന്നു. റെസിഡന്റ് വിസ ഒഴികെ പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ളവരെ രാജ്യത്തേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു യു എ ഇ അറിയിച്ചത്. പിന്നീടാണ് ഇതിൽ മാറ്റം വരുത്തിയത്.