നിയമന കത്ത് വിവാദം; ലെറ്റർപാഡ് ദുരുപയോഗം ചെയ്തു, ക്രൈംബ്രാഞ്ചിനോട് മൊഴി ആവർത്തിച്ച് മേയർ ആര്യാ രാജേന്ദ്രൻ

Thursday 24 November 2022 6:48 PM IST

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. മേയറുടെ ലെറ്റർപാ‌ഡ് ദുരുപയോഗം ചെയ്തെന്ന് ക്രൈംബ്രാഞ്ചിനോട് ആര്യാ രാജേന്ദ്രൻ പറഞ്ഞു. കത്തെഴുതാൻ നിർദ്ദേശിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ ആണ് മൊഴി എടുത്തത്. മേയറുടെ ഓഫീസ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരമൊരു കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.

കത്ത് വ്യാജമെന്ന ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്.

സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച കത്ത് കോർപ്പറേഷൻ ഓഫീസിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം ആര്യാ രാജേന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് മഹിളാമോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. കോൺഗ്രസ് കൗൺസിലർമാരുടെ സമരത്തിൽ ശശി തരൂർ എം.പി പങ്കെടുത്തു.

അതിനിടെ മേയർക്കെതിരായ പ്രതിഷേധം തടയണമെന്ന ഡെപ്യൂട്ടി മേയറുടെ ആവശ്യം ഹൈക്കോടതി തല്ളി. സമരം ചെയ്യാൻ പാടില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.