അരവണ കാൻ ക്ഷാമം: കമ്പനിക്ക് ഹൈക്കോടതിയുടെ വിമ‌‌ർശനം

Friday 25 November 2022 12:57 AM IST

കൊച്ചി: ശബരിമലയിൽ അരവണ വിതരണത്തിനുള്ള കാൻ യഥാസമയം ലഭ്യമാക്കാതിരുന്ന കരാർ കമ്പനിക്ക് ഹൈക്കോടതിയുടെ വിമർശനം. കഴിയില്ലെങ്കിൽ കരാർ ഏറ്റെടുക്കരുതായിരുന്നു. വീഴ്ചകൾ തുടരുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

കരാറുകാരൻ കാനുകൾ ആവശ്യത്തിന് എത്തിക്കാത്തതു സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടപെടൽ.

മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡും സമയം തേടിയതിനെത്തുടർന്ന് ഹർജി 28ലേക്കു മാറ്റി.

ഹെലികോപ്ടർ‌: പരസ്യം

ഗൗരവതരം

ശബരിമലയിലേക്കു ഹെലികോപ്ടർ സർവീസ് നടത്തുമെന്ന് ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ പരസ്യം ചെയ്ത കമ്പനിയുടെ നടപടി ഗുരുതര സ്വഭാവമുള്ളതെന്നു ഹൈക്കോടതി. ഇത് കടുത്ത നിയമലംഘനവും ഭക്തരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. ശബരിമലയുടെ പേരും പടവും ദുരുപയോഗപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റി. കൊച്ചിയിൽ നിന്ന് നിലയ്ക്കലിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുമെന്ന് കൊച്ചിയിലെ എൻഹാൻസ് ഏവിയേഷൻ സർവീസ് ഹെലികേരള എന്ന വെബ്‌സൈറ്റിൽ പരസ്യം നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.