ആഫ്രിക്കൻ പാടങ്ങളിലേക്ക് കേരളത്തിന്റെ ഡ്രോണുകൾ

Friday 25 November 2022 4:10 AM IST

കൊച്ചി: ആഫ്രിക്കൻ പാടങ്ങളിൽ കീടങ്ങളെ തുരത്താനും ശാസ്ത്രീയ രീതികളിലൂടെ വിളവു വർദ്ധിപ്പിക്കാനുമുള്ള ദൗത്യങ്ങൾക്ക് കേരളത്തിൽ നിന്നുള്ള ഡ്രോണുകൾ.

ചേർത്തല പട്ടണക്കാട് സ്വദേശികളായ ദേവൻ ചന്ദ്രശേഖരൻ, സഹോദരി ദേവിക എന്നിവരുടെ സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇന്നവേഷൻസിന്റെ ഡ്രോണുകളാണ് ഉപയോഗപ്പെടുത്തുക. ദേവൻ എയറോനോട്ടിക്കൽ എൻജിനിയറിംഗിലും ദേവിക ഇലക്ട്രോണിക്‌സ് എൻജിനിയറിംഗിലും ബിരുദധാരികളാണ്.

രാജ്യാന്തര കാർഷിക ഗവേഷണ സ്ഥാപനമായ ഇക്രിസാറ്റുമായി സഹകരിച്ചാണ് പദ്ധതി. മൊറോക്കോയിലാണ് തുടക്കം. ഇക്രിസാറ്റിന്റെ മൊറോക്കോയിലെ ഓഫീസ് വഴിയാണ് ഫ്യൂസലേജ് ഇന്നവേഷൻസിന് അവസരം ലഭിച്ചത്. ഫ്യൂസലേജിന് മൊറോക്കോയിൽ യൂണിറ്റ് തുടങ്ങേണ്ടിവന്നേക്കും.

കരിമ്പ്, ഉരുളക്കിഴങ്ങ്, ബാർലി,​ ഗോതമ്പ് തുടങ്ങിയവ വ്യാപകമായി കൃഷിചെയ്യുന്ന രാജ്യമാണ് മൊറോക്കോ. കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലും സാദ്ധ്യതകളേറെ.

ഒരു ഡ്രോണിന് ഏഴര ലക്ഷം രൂപ വിലവരും. സ്‌പ്രേ‌യിംഗ് ഡ്രോൺ, ഡേറ്റ ശേഖരിക്കാനുള്ള സർവെയ്ലൻസ് ഡ്രോൺ എന്നിവയാണ് നിർമ്മിക്കുന്നത്. 10 ലിറ്റർ‌ ശേഷിയുള്ള സ്‌പ്രേയിംഗ് ഡ്രോണിന് എട്ടു മിനിട്ടുകൊണ്ട് ഒരേക്കറിൽ ദൗത്യം പൂർത്തിയാക്കാം. സർവെയ്ലൻസ് ഡ്രോണിന് 10 മിനിട്ടുകൊണ്ട് 10 ഏക്കറിലെ ഡേറ്റ ശേഖരിക്കാം.

പ്രതിവർഷം 1,000 ഡ്രോണുകൾ നിർ‌മ്മിക്കാനുള്ള ശേഷി ഫ്യൂസലേജിനുണ്ട്.സ്റ്റാർട്ടപ്പിൽ 15 പേരാണുള്ളത്. കൂടുതൽ പേർ‌ക്കു തൊഴിൽ നൽകാനും പദ്ധതി സഹായകമാകും.

കീടങ്ങളെ തിരത്തും, വളമിടും

 കീടനാശിനിയുമായി പറന്ന് ചാഴി,​ കൊമ്പൻചെല്ലി തുടങ്ങിയവയെ തുരത്താം

 വളവും വർഷിക്കാം. മണ്ണിന്റെ ഘടനയും കീടബാധയും കണ്ടെത്താം

ത്രിമാന ചിത്രങ്ങൾ പകർത്താം. കാർഷിക ഭൂപടവും തയ്യാറാക്കാം

കാര്യസ്ഥനായി ഡ്രോൺ

ഡ്രോണുകൾക്കു വൻ സാദ്ധ്യതയാണെന്ന് ചേർത്തലയിൽ 300 ഏക്കറിൽ നെൽക്കൃഷി നടത്തുന്ന മാന്നാർ സ്വദേശി പി. സമീർ പറയുന്നു. ഒരേക്കറിൽ നിന്ന് ശരാശരി 2,​000 കിലോ നെല്ല് ലഭിച്ചു. വർഷങ്ങളായി തരിശായിക്കിടന്ന നിലമാണിത്. രണ്ടു ഡ്രോണുകളാണ് സമീറിനുള്ളത്. ഡ്രോൺ ഉപയോഗിക്കാൻ പരിശീലനവും ലൈസൻസും വേണം.

7.5 ലക്ഷം മുടക്കി

1 കോടി വിറ്റുവരവ്

രണ്ടുവർഷം മുമ്പ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ സഹായത്തോടെ ഏഴരലക്ഷം രൂപ മുടക്കി കളമശേരി മേക്കർ വില്ലേജിൽ തുടങ്ങിയ ഫ്യൂസലേജിന് ഇപ്പോൾ ഒരു കോടി രൂപ വിറ്റുവരവുണ്ട്. ഹിറ്റാച്ചി നാഷണൽ ഇന്നവേഷൻ ചലഞ്ചിൽ 30ലക്ഷം രൂപയുടെ സമ്മാനം നേടി. ഐക്യരാഷ്‌ട്ര വികസന പദ്ധതിയുടെ പിന്തുണയുണ്ട്.

Advertisement
Advertisement