ആശങ്ക ആവർത്തിച്ച് സുപ്രീംകോടതി; അപേക്ഷിച്ച അന്നു തന്നെ ഗോയലിന് നിയമനമോ?

Friday 25 November 2022 12:19 AM IST

 ഗോയലിന്റെ ഫയൽ ഹാജരാക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി അരുൺ ഗോയലിനെ നിയമിക്കാൻ തിടുക്കം കാട്ടിയതെന്തിനെന്ന് ഇന്നലെയും കേന്ദ്രത്തോട് ചോദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്, നിയമന പ്രക്രിയയിൽ ആശങ്കയുണ്ടെന്ന് ആവർത്തിച്ചു. കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടതു പ്രകാരം അരുൺഗോയലിന്റെ നിയമനത്തിന്റെ ഫയൽ അറ്റോർണി ജനറൽ ആർ. വെങ്കട്ട രമണി ഇന്നലെ ഹാജരാക്കി. അത് പരിശോധിച്ച ശേഷമായിരുന്നു അഭിപ്രായം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനത്തിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് നൽകിയ ഹർജികളിലെ വാദം ഇന്നലെ അവസാനിച്ചതിനെ തുടർന്ന് വിധി പറയാനായി മാറ്റി.

കേന്ദ്ര സെക്രട്ടറിയായിരുന്ന ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന്റെ ഫയൽ മിന്നൽ വേഗത്തിലാണ് നീങ്ങിയത്. എന്തിനായിരുന്നു ഇത്ര തിടുക്കം?​ അപേക്ഷ നൽകിയ ദിവസം തന്നെ ക്ലിയറൻസും നിയമനവും നൽകി. 24 മണിക്കൂറിൽ എന്ത് മൂല്യനിർണ്ണയമാണ് നടത്തിയത്? തിരഞ്ഞെടുപ്പ് കമ്മിഷണർ തസ്‌തിക മേയ് 15 മുതൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു. നവംബർ 18 വരെ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു?​ നവംബർ 18 നാണ് നിയമന ഫയൽ തയ്യാറാക്കിയത്. അന്ന് തന്നെ ഗോയലിനെ പ്രധാനമന്ത്രി ശുപാർശ ചെയ്തു. അന്ന് തന്നെ രാഷ്ട്രപതിയുടെ നിയമന ഉത്തരവും ഇറങ്ങി.

നടപടി തുടങ്ങിയതും പൂർത്തിയാക്കിയതും ഒരേ ദിവസമാണ്. 24 മണിക്കൂർ പോലും വേണ്ടി വന്നില്ല. ഈ തിടുക്കം എന്തിനായിരുന്നു?​ ഇത്ര അടിയന്തര സാഹചര്യം ഉണ്ടായിരുന്നോ?​ ഗോയലിന്റെ യോഗ്യത ചോദ്യം ചെയ്യുന്നില്ല. അദ്ദേഹത്തിന് അക്കാഡമിക് മികവുണ്ട്. നിയമനരീതിയെ കുറിച്ചാണ് ചോദിക്കുന്നത് - കോടതി വ്യക്തമാക്കി.

നിയമനം പാനലിൽ നിന്ന് :എ ജി

കേന്ദ്ര നിയമമന്ത്രി തയ്യാറാക്കിയ നാല് സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്നാണ് അരുൺ ഗോയലിനെ നിയമിച്ചതെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. നാല് പേരെ എങ്ങനെ തിരഞ്ഞെടുത്തെന്ന് കോടതി ചോദിച്ചു. ഗോയൽ പാനലിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണെന്നും ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. പ്രായം കുറഞ്ഞയാൾ എന്ന നിലയിൽ കൂടുതൽ കാലം പ്രവർത്തിക്കാൻ കഴിയുമെന്നതിനാലാണ് അരുൺ ഗോയലിനെ നിയമിച്ചതെന്ന് അറ്റോർണി ജനറൽ മറുപടി നൽകി. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചോ എന്നാണ് അറിയേണ്ടതെന്ന് ബെഞ്ച് വ്യക്തമാക്കി.

Advertisement
Advertisement