മംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ ഐ.ആർ.സി

Friday 25 November 2022 12:32 AM IST

ന്യൂഡൽഹി: മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് റസിസ്റ്റൻസ് കൗൺസിൽ (ഐ.ആർ.സി) ഏറ്റെടുത്തു. മംഗളൂരു കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസിന് അയച്ച കത്തിൽ സംഘടന പറയുന്നു. കർണാടക പൊലീസ് എ.ഡി.ജി.പി അലോക് കുമാറിനെതിരെയും കത്തിൽ ഭീഷണിയുണ്ട്. മുഹമ്മദ് ഷരീഖിന്റെ ചിത്രം പതിച്ചുള്ള കത്താണ് ഇസ്ലാമിക് റസിസ്റ്റന്റ് കൗൺസിലിന്റെ പേരിൽ പൊലീസിന് ലഭിച്ചത്. എന്നാൽ കത്തിന്റെ ഉറവിടമോ ആധികാരികതയോ സംബന്ധിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുകയാണ്.

കൊച്ചി, നാഗർകോവിൽ, ബംഗളൂരു, മൈസൂരു, കന്യാകുമാരി, കോയമ്പത്തൂർ, മധുര,ഷിമോഗ എന്നിവിടങ്ങളിൽ വിവിധ ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്ന് കർണാടക ഡി.ജി.പി പ്രവീൺ സൂദ് പറഞ്ഞു. മുഖ്യപ്രതി മുഹമ്മദ് ഷരിഖ് വ്യാജമേൽവിലാസത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ യാത്ര ചെയ്തെന്നും ഡി.ജി.പി വ്യക്തമാക്കി. ഐ.ആർ.സിയെ കുറിച്ച് കൂടുതൽ കാര്യങ്ങളറിയില്ലെന്നാണ് കർണാടക പൊലീസ് പറയുന്നത്. കേസന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഐസിസ് സംഘടനയുമായി ഷരിഖ് സംഘത്തിനുള്ള ബന്ധം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

മംഗളൂരുവിലെ നാഗൂരി ബസ് സ്റ്റാൻഡിൽ വൻ സ്ഫോടനം നടത്താനായിരുന്നു പ്രതി ഷരിഖും സംഘവും ലക്ഷ്യമിട്ടതെന്നാണ് കർണാടക പൊലീസിന്റെ വിലയിരുത്തൽ. മൈസൂരിൽ വെച്ചാണ് ബോംബ് നിർമ്മിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തുടർന്ന് ബസിൽ മംഗളൂരുവിലെത്തിയ ശേഷം ഓട്ടോറിക്ഷയിൽ വാടക വീട്ടിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. ഷരിഖിനും സംഘത്തിനും കേരളത്തിലും തമിഴ്നാട്ടിലും ലഭിച്ച സഹായത്തെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിരുച്ചിറപ്പള്ളി, മധുര, ചെന്നെ, ആലുവ എന്നിവിടങ്ങളിൽ ഷാരിഖിനെ സഹായിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

കത്ത് തയ്യാറാക്കിയത് ഇംഗ്ലീഷിൽ

ആൾക്കൂട്ട കൊലപാതകം വർദ്ധിച്ചതും അടിച്ചമർത്തൽ നിയമങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിനെതിരെയാണ് സ്‌ഫോടനം നടത്തിയതെന്നാണ് ഐ.ആർ.സിയുടെ കത്തിലുള്ളതെന്ന് ഡി.ജി.പി പ്രവീൺ സൂദ് പറഞ്ഞു. കത്ത് തയ്യാറാക്കിയത് ഇംഗ്ലീഷിലാണ്. മതത്തിലുള്ള ഇടപെടൽ, നിരപരാധികൾ ജയിലിൽ കഴിയേണ്ടി വരുന്നത്, പൊതു ഇടങ്ങളിൽ വംശഹത്യയ്ക്കുള്ള ആഹ്വാനം തുടങ്ങിയ കാരണങ്ങൾ മൂലം മുസ്ലിങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും കത്തിലുണ്ട്. കേസിന്റെ തുടരന്വേഷണം ഏറ്റെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികളെ എൻ.ഐ.എ ഉടൻ ചോദ്യം ചെയ്യും. നിലവിൽ ജയിലിലുള്ള ആറ് പേർക്ക് ഷാരിഖുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

Advertisement
Advertisement