എല്ലാ വാദ്യങ്ങളും ചെണ്ടയ്‌ക്കു താഴെ; തരൂരിനെ തൊട്ടും തൊടാതെയും ചെന്നിത്തല 

Friday 25 November 2022 12:46 AM IST

തിരുവനന്തപുരം:കോൺഗ്രസിലെ ഒരു നേതാവിനെയും ആരും ഭയക്കേണ്ടെന്നും എല്ലാ നേതാക്കൾക്കും സംസ്ഥാനത്ത് ഉടനീളം പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് പാർട്ടി ചട്ടക്കൂടിലാവണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശശിതരൂരിന്റെ മലബാർ പര്യടന വിവാദത്തിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ആരെയും നേരിട്ടു വിമർശിക്കാതെയും എന്നാൽ താനുദ്ദേശിക്കുന്നത് സൂചിപ്പിച്ചും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. പാർട്ടിക്ക് അതീതരായി ആരുമില്ല. എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്ക് താഴെയാണ്.

പാർട്ടിയുടെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെയാവണം താനടക്കം എല്ലാവരും പ്രവർത്തിക്കേണ്ടത് - ചെന്നിത്തല പറഞ്ഞു.
ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ പോരാട്ടമാണ് ഇപ്പോൾ പ്രധാനം. പാർട്ടിയിൽ ഭിന്നിപ്പുണ്ടാകുന്നു എന്ന തരത്തിൽ വാർത്ത വരാൻ കാരണക്കാരാകരുത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബലൂൺ പരാമർശം ശശി തരൂരിന് എതിരായാണെന്ന് വിശ്വസിക്കുന്നില്ല.
മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു വച്ചവരാണ് തരൂരിന്റെ കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടിയിലെ വിലക്കിന് പിന്നിൽ എന്ന കെ. മുരളീധരന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. 'എന്തു തയ്പ്പിക്കണമെങ്കിലും നാലു വർഷമുണ്ടല്ലോ. ഒന്നും പെട്ടെന്ന് തയ്പ്പിക്കണ്ട അതിന് സമയമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
കോട്ടയത്ത് തരൂർ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയുടെ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ ചിത്രം ഒഴിവാക്കിയതിനെ പറ്റിയുള്ള ചോദ്യത്തിന്, പോസ്റ്ററിൽ തന്നെയും ഒഴിവാക്കിയെന്നായിരുന്നു മറുപടി.

Advertisement
Advertisement