ഫാൻസി നമ്പർ വേണ്ടവവർക്ക് താത്കാലിക രജിസ്ട്രേഷൻ

Friday 25 November 2022 4:18 AM IST

കൊച്ചി: ബുക്ക് ചെയ്ത ഫാൻസി നമ്പറിന് വേണ്ടിയുള്ള ലേലം നടക്കും വരെ താത്കാലിക രജിസ്ട്രേഷൻ നമ്പറിൽ വാഹനം ഓടിക്കാൻ ഉടമയെ അനുവദിക്കാൻ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് ഉത്തരവു നൽകി. എറണാകുളം വടുതല സ്വദേശി പ്രെയ്സി ജോസഫിന്റെ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

മോട്ടോർ വാഹനവകുപ്പിനെയും ഇടപ്പള്ളിയിലെ കിയ ഡീലർമാരായ ഇഞ്ചിയൻ മോട്ടോഴ്സിനെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി. അടുത്തിടെ വാങ്ങിയ കിയ കാരൻസ് കാറിന് പ്രെയ്സിക്ക് മുമ്പുണ്ടായിരുന്ന വാഹനത്തിന്റെ അതേ നമ്പറായ 5252 ചേർത്ത് KL-07-DA-5252 എന്ന ഫാൻസി നമ്പർ ലഭിക്കണമെന്നാണ് ആഗ്രഹം. ഭർത്താവിന്റെയും മകളുടെയും വാഹനങ്ങളുടെ നമ്പറും ഇത് തന്നെയാണ്. ഈ നമ്പർ മോട്ടോർ വാഹനവകുപ്പിൽ ബുക്ക് ചെയ്തിട്ടുമുണ്ട്. ഫാൻസി നമ്പർ ലേലം മൂന്ന് മാസത്തിന് ശേഷമേ നടക്കൂ. അതുവരെ താത്കാലിക രജിസ്ട്രേഷനിൽ വാഹനമോടിക്കാനുള്ള അനുമതി തേടിയാണ് പ്രെയ്സി കോടതിയെ സമീപിച്ചത്.

വാഹനത്തിന്റെ വിലയും നികുതിയും ഇൻഷ്വറൻസും അടച്ചെങ്കിലും താത്കാലിക രജിസ്ട്രേഷനിൽ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. മോട്ടോർ വാഹന നിയമത്തിൽ താത്കാലിക രജിസ്ട്രേഷന് അനുമതിയുള്ളപ്പോൾ വാഹനം നിരത്തിലിറക്കാനാകില്ലെന്ന നിലപാട് അനീതിയാണെന്ന് കോടതി വിലയിരുത്തി.