കബാലി വീണ്ടും റോഡിൽ,ബസ് കുത്തിമറിക്കാൻ ശ്രമം
ചാലക്കുടി: രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ, മദപ്പാടുള്ള കാട്ടാനയായ കബാലിയുടെ ആക്രമണം. ബുധനാഴ്ച രാത്രി എട്ടോടെ കാട്ടിൽ നിന്നുമെത്തിയ ആന, ഒരു ബസിന്റെ മുൻഭാഗം കുത്തിപ്പൊളിച്ച് മുകളിലേക്ക് പൊക്കാൻ ശ്രമിച്ചു. ആ സമയം ബസിൽ ആറ് യാത്രികരുണ്ടായിരുന്നു. ഇവർ പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കില്ല.ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ ബസിന് നേരെ അമ്പലപ്പാറയിൽ വച്ചായിരുന്നു അക്രമം.
ഇടുങ്ങിയ വഴിയായതിനാൽ ആനയ്ക്ക് ഒതുങ്ങിനിൽക്കാൻ കഴിയാതെ വന്നതാകാം ആക്രമണത്തിന് കാരണമെന്നാണ് വനപാലകർ പറയുന്നത്. നേരത്തെ ആറരയോടെ മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിനെയും കൊമ്പൻ തടഞ്ഞിരുന്നു. ബസിനെ അൽപ്പദൂരം പിറകിലേക്ക് തള്ളി നീക്കിയിരുന്നു. ഈ സമയം ബസിൽ 30 ഓളം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
കബാലിയെ പേടിച്ച് ആനവണ്ടിക്കാർ
കാട്ടാനയുടെ ആക്രമണത്തിൽ നട്ടം തിരിയുന്നത് ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർമാരും കണ്ടക്ടർമാരുമാണ്. മലക്കപ്പാറയിലേക്ക് പുറപ്പെട്ട് അമ്പലപ്പാറയിൽ കുടുങ്ങിയ ബസിന്റെ ഡ്രൈവർ രാജീവ് സംഭവം വിവരിക്കുന്നതിങ്ങനെ. 'ഒറ്റത്തവണ മാത്രമാണ് മസ്തകം കുലുക്കിയെത്തി ബസിന്റെ മുൻ ഭാഗത്ത് കുത്തിയത്. ഇതോടൊപ്പം ബസ് ഉയർത്താനും ശ്രമിച്ചു.'
ആക്രമണശേഷം ആന ഒന്നര മണിക്കൂർ കഴിഞ്ഞാണ് റോഡിൽ നിന്നും മാറിയത്. ആറരയോടെ ആദ്യം ആന ആക്രമിച്ചതെന്നും അധികം വൈകാതെ ഒതുങ്ങി നിന്നെങ്കിലും യാത്രക്കാർ ഏറെ ഭയപ്പെട്ടുവെന്ന് മുപ്പതോളം യാത്രക്കാരുമായെത്തിയ ബസിന്റെ ഡ്രൈവർ വി.വി. ജോസഫ് പറഞ്ഞു.