ഫാക്ടിനെ ഇഷ്ട ലൊക്കേഷനാക്കി മലയാള സിനിമ

Friday 25 November 2022 12:04 AM IST
ഫാക്ട് മാർക്കറ്റിൽ പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ മോണിട്ടർ നോക്കി നടന്മാർക്ക് നിർദ്ദേശം നൽകുന്ന സംവിധായകൻ പ്രിയദർശൻ

കളമശേരി: പതിവില്ലാതെ ഫാക്ട് മാർക്കറ്റിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പഴകിയ രണ്ട് കൂറ്റൻ മരവാതിലുകൾ കണ്ടാണ് വഴിയാത്രക്കാർ ശ്രദ്ധിച്ചത്. ധാരാളം ടയറുകളും കൂട്ടിയിട്ടിരിക്കുന്നു. ഇന്നലെ വരെ കാണാതിരുന്നിടത്ത് പഴക്കമേറിയ വലിയൊരു വർക്ക്ഷോപ്പും. പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഷെയ്ൻ നിഗത്തെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് അവിടെ.

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് ഏലൂരും ഫാക്ട് ടൗൺഷിപ്പും. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ആരുടേയും ശല്യമില്ലാതെ സമാധാനപരമായി ഇവിടെ ചിത്രീകരണം നടത്താം. കാണികളുടെ തിക്കും തിരക്കുമുണ്ടാവില്ല. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ സത്യൻ, പ്രേംനസീർ, സോമൻ, സുകുമാരൻ, തിക്കുറിശി, അടൂർ ഭാസി, ബഹദൂർ എന്നിവരിൽ തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ദിലീപ്, പൃഥിരാജ് എന്നിങ്ങനെ നീളുന്നു ഫാക്ടിലും ഏലൂരിന്റെ പരിസര പ്രദേശങ്ങളിലും ചായമണിഞ്ഞ് നിന്ന അഭിനയ പ്രതിഭകളുടെ നിര. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ സിനിമകൾക്കും ഇവിടം ലൊക്കേഷനായിട്ടുണ്ട്.

ഫാക്ട് മാർക്കറ്റ്, ഉദ്യോഗമണ്ഡൽ ക്ലബ്ബ്, ഫാക്ട് ഹൗസ്, ജെ.എൻ.എം. ആശുപത്രി, ഫാക്ട് ഹൈസ്കൂൾ, ഫാക്ട് സെൻട്രൽ യു.പി സ്കൂൾ, ഫാക്ട് ഗ്രൗണ്ട്, ക്വാർട്ടേഴ്സുകൾ,​ ഫാക്ട് ജംഗ്ഷൻ, ഫാക്ട് അമ്പലമേട് ഹൗസ് , എം.കെ.കെ.നായർ ഹാൾ എന്നിവ പ്രധാന ഷൂട്ടിംഗ് ലോക്കേഷനുകളാണ്. ഫാക്ടിന്റെ ജിപ്സം കൂട്ടിയിട്ടിരിക്കുന്ന സ്ഥലം പല സിനിമകളിലും മഞ്ഞുമലയായി മാറിയിട്ടുണ്ട്. അമ്പലമേട്ടിലെ കാടും മേടും തടാകവും സിനിമയിൽ മൂന്നാറും പൊന്മുടിയും ഊട്ടിയുമായി പരിവർത്തനപ്പെട്ട സന്ദർഭങ്ങളും ചില്ലറയല്ല.

ഔട്ട് ഡോർ ഷൂട്ടിംഗ് അപൂർവമായിരുന്ന 1968-69 കാലഘട്ടത്തിൽ സത്യനും നസീറും ശാരദയും ഒന്നിച്ച ത്രിവേണി സിനിമയുടെ ചിത്രീകരണം ഏലൂർ ഫെറിയിൽ നടന്നിരുന്നു. മണ്ണിലിറങ്ങിയ താരങ്ങളെ കാണാൻ മൂന്നു കരകളിൽ നിന്ന് അന്ന് ജനം ഒഴുകിയെത്തിയത് അഭൂതപൂർവമായ കാഴ്ചയായും മാറി.

Advertisement
Advertisement