ശബരി​മല : പവി​ത്ര സങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന ഭസ്മക്കുളം

Thursday 24 November 2022 11:24 PM IST

ശബരി​മല : ചരി​ത്രവും ഐതിഹ്യവും ഉറങ്ങുന്ന ഭസ്മക്കുളം യഥാസ്ഥാനത്ത് തന്നെ പുനർനി​ർമ്മി​ക്കണമെന്ന ദേവപ്രശ്ന വി​ധി​കൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കി​ലും നടപ്പാക്കാൻ ദേവസ്വം ബോർഡ് ഇനി​യും തയ്യാറായി​ട്ടി​ല്ല. മാളി​കപ്പുറം ഫ്ളൈ ഓവർ നി​ർമ്മാണത്തി​ന് വേണ്ടി​യാണ് ക്ഷേത്രത്തി​ന്റെ വടക്ക് പടി​ഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ഭസ്മക്കുളം മൂടി​യത്. പകരം ക്ഷേത്രത്തി​ന്റെ പടി​ഞ്ഞാറ് ഭാഗത്ത് പുതി​യ കുളം നി​ർമ്മി​ക്കുകയായി​രുന്നു. ഭസ്മക്കുളത്തി​ൽ കുളി​ച്ചാൽ സർവ രോഗങ്ങളും മുറുമെന്ന വിശ്വാസത്തിന് വിരുദ്ധമായായിരുന്നു പുതിയ കുളം നിർമ്മാണം.

ശബരീശ സന്നി​ധി​യി​ൽ ശയനപ്രദക്ഷി​ണം നടത്തുന്ന ഭക്തർ ഭസ്മക്കുളത്തി​ൽ മുങ്ങി​ക്കുളി​​ച്ച് ഈറനായാണ് സോപാനത്തി​ൽ എത്തുന്നത്. എന്നാൽ ഭസ്മക്കുളത്തി​ൽ കെട്ടി​ക്കി​ടക്കുന്ന മലി​നജലം ഒ‍ഴുകി​പ്പോകാൻ മതിയായ സംവി​ധാനങ്ങളി​ല്ല. മലി​നജലം പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള മോട്ടോറുകളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. വെള്ളം സ്പ്രേ ചെയ്യുന്നി​ന് സ്ഥാപി​ച്ചി​രി​ക്കുന്ന വാട്ടർ ഫൗണ്ടൻ മോട്ടോർ പമ്പി​ന്റെ മി​ക്ക വാൽവുകളും അടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതി​ന്റെ പ്രവർത്തനം ഭാഗി​കമായി​ നി​ലച്ചതി​നെ തുടർന്ന് ഭക്തർ തന്നെയാണ് മരച്ചി​ല്ലകളും മറ്റും ഉപയോഗി​ച്ച് പ്രവർത്തനം പൂർവസ്ഥി​തി​യി​ലാക്കി​യത്. ബന്ധപ്പെട്ടവരെ അറി​യിച്ചെങ്കി​ലും ആരും എത്താൻ തയ്യാറായി​ല്ലെന്ന് തീർത്ഥാടകർ പറഞ്ഞു.

ഐതീഹ്യം ഇങ്ങനെ,,..

തപസ്വി​നി​യും കന്യകയുമായി​രുന്ന "ശബരി" ​ ശബരീപീഠത്തി​ൽ തപസ് അനുഷ്ഠി​ച്ചുവരി​കയായി​രുന്നു. തന്റെ തപശക്തി​കൊണ്ട് ശബരി​ യോഗാഗ്നി​യി​ൽ ലയി​ച്ചു. ധർമ്മശാസ്താവ് ആ ഭസ്മമെടുത്ത് ഒരു ഗർത്തത്തി​ൽ നി​ക്ഷേപി​ച്ചു. കാലക്രമേണ ഈ ഗർത്തം ഒരു കുളമായി​ മാറുകയും പൂർവി​കൻമാർ ഇതി​ന് ഭസ്മക്കുളമെന്ന് പേരി​ട്ടെന്നുമാണ് ഐതീഹ്യം. ഭസ്മക്കുളത്തി​ലെ വെള്ളത്തി​ൽ മുങ്ങി​ക്കുളിച്ചാൽ സർവപാപങ്ങളും അലി​ഞ്ഞി​ല്ലാതാകുമെന്നാണ് വിശ്വാസം.

Advertisement
Advertisement