മലിന ജല സംസ്കരണ പ്ലാന്റ് സമരം കോതി കത്തുന്നു, സംഘർഷം, അറസ്റ്റ്

Friday 25 November 2022 12:11 AM IST
കോ​ഴി​ക്കോ​ട് ​കോ​തി​ ​പ​ള്ളി​ക്ക​ണ്ടി​യി​ലെ​ ​മലി​ന ജല സം​സ്ക​ര​ണ​ ​പ്ളാ​ന്റി​ന്റെ​ ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം​ ​ത​ട​യാ​നെ​ത്തി​യ​ ​പ്ര​ദേ​ശ​വാ​സി​ക​ളെ​ ​പൊ​ലീ​സ് ​നീ​ക്കം​ ​ചെ​യ്യു​ന്നു.

പ്രദേശത്ത് ഇന്ന് ഹർത്താൽ
കോഴിക്കോട്: കോർപ്പറേഷന്റെ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ കോതി നിവാസികളുടെ പ്രതിഷേധത്തിൽ സംഘർഷം. നിർമാണം തടസ്സപ്പെടുത്താൻ സമരത്തിനിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരം രണ്ടാം ദിവസത്തിലേക്ക് നീങ്ങിയപ്പോൾ നിർമാണ പ്രവൃത്തി തടയാനുള്ള നാട്ടുകാരുടെ ശ്രമം വൻ പൊലീസ് സന്നാഹം പരാജയപ്പെടുത്തി. റോഡിൽ കല്ലുകളിട്ടും മരത്തടികളിട്ടും ടയർ കത്തിച്ചും സമരക്കാർ പൊലീസിനെ നേരിട്ടപ്പോൾ നാല് അസി.കമ്മിഷണർമാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പൊലീസുകാരാണ് പ്രതിഷേധസമരങ്ങളെ അടിച്ചമർത്തിയത്. സമരക്കാരായ പുരുഷൻമാരും സ്ത്രീകളുമടക്കമുള്ള 42പേരെ അറസ്റ്റ് ചെയ്ത് നീക്കി. 19 പുരുഷൻമാരും 23സ്ത്രീകളുമാണ് അറസ്റ്റിലായത്. സ്ത്രീകളെ അറസ്റ്റുചെയ്യാനുള്ള ശ്രമം വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോതിയിലും പരിസരപ്രദേശങ്ങളിലും സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തും.
അറസ്റ്റിനുശേഷം പതിനൊന്നുമണിയോടെ പൊലീസ് അകമ്പടിയോടെ ടിപ്പർ ലോറികളിൽ കരിങ്കല്ലിറക്കുകയും നിർമാണം പുനരാരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ എം.കെ.രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാറും സമരത്തിന് പൂർണ പിന്തുണ നൽകി. പ്ലാന്റ് നിർമാണത്തിന് കോൺഗ്രസും യു.ഡി.എഫും എതിരല്ലെന്നും ജനവാസ സ്ഥലത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും മാനിക്കാതെയുള്ള ഒരു നിർമാണപ്രവൃത്തിയും അനുവദിക്കില്ലെന്നും സമരത്തിന് മുമ്പിൽ വരും ദിവസങ്ങളിൽ പാർട്ടിയും യു.ഡി.എഫും ഉണ്ടാകുമെന്നും രാഘവൻ എം.പി പറഞ്ഞു.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. ബുധനാഴ്ച തുടങ്ങിയ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും തുടർച്ചയായി പുലർച്ചെ ആറുമുതൽ തന്നെ സമരസമിതി പ്രവർത്തകരും നാട്ടുകാരും കോതിയിൽ തമ്പടിച്ചിരുന്നു. പ്ലാന്റ് നിർമിക്കാനിരിക്കുന്ന സ്ഥലത്തിന് മുന്നിലെ റോഡുകൾ രാവിലെ ആറുമുതൽ തന്നെ കല്ലുകളും മരത്തിടികളുമിട്ട് സമരക്കാർ ബ്ലോക്ക് ചെയ്തു. പൊലീസ് വരുന്ന വഴിയിൽ റോഡ് തടസ്സപ്പെടുത്താനായി ടയർ കത്തിച്ചു.റോഡിലെ തടസം നീക്കിയ പൊലീസ് സമക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ നടത്തിയ ശ്രമം സംഘർഷത്തിലേക്ക് നീങ്ങി. സ്ത്രീകളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ കുട്ടികൾക്ക് നേരേയും അതിക്രമം നടന്നു. നിലത്തുവീണുവോയ ഉമ്മയുടെ മുകളിലേക്ക് വീണ കുട്ടി സമരത്തിനിടെ കണ്ണീരായി. കരഞ്ഞുകൊണ്ട് കൈകൂപ്പിയ കുട്ടിയെ അറസ്റ്റ് ചെയ്ത് നീക്കിയവരുടെ കൂട്ടത്തിലേക്ക് കൊണ്ടുപോയെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് സ്വതന്ത്രനാക്കി. രാവിലെ പത്തോടെ സമരക്കാരെ അറസ്റ്റ് നീക്കിയതോടെ പ്രദേശം പൂർണമായും പൊലീസ് നിയന്ത്രണത്തിലായി.

സർവകക്ഷിയോഗം വിളിക്കണം:

എം.കെ.രാഘവൻ.എം.പി
കോഴിക്കോട്: ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ചുള്ള മാലിന്യ പ്ലാന്റ് നിർമാണം അനുവദിക്കാനാവില്ലെന്ന് എം.കെ.രാഘവൻ എം.പി. കോതിയിൽ സംഘർഷസാധ്യതാപ്രദേശം സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തെ അനുഭാവപൂർവം കോർപ്പറേഷൻ കൈകാര്യം ചെയ്യണം. മാലിന്യ പ്ലാന്റിന് കോൺഗ്രസോ യു.ഡി.എഫോ എതിരല്ല. വിഷയത്തിൽ എല്ലാവരുമായും ചർച്ച ചെയ്യാൻ കോർപ്പറേഷൻ സർവകക്ഷിയോഗം വിളിക്കണം. എന്തിനാണ് ജന സാന്ദ്രതയുള്ള സ്ഥലത്ത് തന്നെ പ്ലാന്റ് കൊണ്ടുവരണമെന്ന് അധികൃതർ വാശിപിടിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബോധ്യപ്പെടുത്തിയല്ലാതെ ഒരു വികസന പ്രവൃത്തിയും നടത്താൻ പാടില്ല. ജനകീയ സമരങ്ങളെ അടിച്ചമർത്തി മുന്നോട്ട് പോകാനാണ് കോർപ്പറേഷൻ തീരുമാനമെങ്കിൽ സമരത്തിന് മുന്നിൽ കോൺഗ്രസും താനുമുണ്ടാകും. സ്ത്രീകളേയും കുട്ടികളേയുമടക്കം മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്ത പൊലീസ് നരനായാട്ടിനെതിരെ മനുഷ്യാവകാശകമ്മിഷനെ സമീപിക്കുമെന്നും എം.പി പറഞ്ഞു.

ബദൽ മാർഗം കോൺഗ്രസ്

കാട്ടിത്തരാം: പ്രവീൺകുമാർ
കോഴിക്കോട്: കോതിയിൽ തന്നെ മാലിന്യ പ്ലാന്റ് തുടങ്ങണമെന്ന് എന്താണിത്ര പിടിവാശിയെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ. കോഴിക്കോട് നഗരത്തിൽ പ്ലാന്റ് നിർമാണത്തിനായി നിരവധി സ്ഥലങ്ങളുണ്ട്. തങ്ങളത് കാണിച്ചുതരാനും പ്ലാന്റിനോട് സഹകരിക്കാനും തയ്യാറാണ്. ജന സാന്ദ്രതയുള്ളതും ജനങ്ങൾക്ക് പ്രതിഷേധമുള്ളതുമായ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കുമ്പോൾ ഇതുപോലെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നത് സ്വാഭാവികം. ഫണ്ട് ലാപ്‌സായിപോകുമെന്ന് ആധിയുള്ളവർ ഇതൊക്കെ നേരത്തെ തന്നെ ആലോചിക്കണമായിരുന്നു. പൊലീസിനെ ഉപയോഗിച്ച് എന്തും നടത്തിക്കളയാമെന്നാണ് കോർപ്പറേഷൻ അധികാരികളുടെ ധാരണയെങ്കിൽ വിലപ്പോകില്ലെന്നും മുന്നിൽ കോൺഗ്രസുണ്ടാവുമെന്നും പ്രവീൺ പറഞ്ഞു.

Advertisement
Advertisement