ഗോളിൽ കാമറൂൺ ടച്ച് സ്വിസ് വിജയം

Friday 25 November 2022 12:46 AM IST

കാമറൂണിനെ 1-0ത്തിന് തോൽപ്പിച്ച് സ്വിറ്റ്‌സർലൻഡ്

ദോഹ: വീറോടെ പൊരുതിയ കാമറൂണിനെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി സ്വറ്റ്‌സർലൻഡ് ഖത്തർ ലോകകപ്പിൽ കുതിപ്പ് തുടങ്ങി. ഗ്രൂപ്പ് ജിയിൽ ഇന്നലെ നടന്ന മത്സരത്തിൽ കാമറൂൺ വംശജൻ കൂടിയായ ബ്രീൽ എംബോള നേടിയ ഗോളിന്റെ പിൻബലത്തിലാണ് 1-0ത്തിന് സ്വിസ് പട കാമറൂൺ ഉയർത്തിയ വലിയ വെല്ലുവിളി മറികടന്നത്. ഗോൾ കീപ്പർ യാൻ സോമ്മറിന്റെ മിന്നൽ സേവുകളും സ്വിസ് വിജയത്തിൽ നിർണായകമായി.

ഫിഫ റാങ്കിംഗിൽ സ്വിറ്റ്സർലൻഡ് 15-ാമതും കാമറൂൺ 43-ാമതും ആണെങ്കിലും ആ അന്തരമൊന്നും കളിക്കളത്തിൽ കണ്ടില്ല. പന്തടക്കത്തിലും പാസിംഗിലുമെല്ലാം ഇരുടീമും ഒപ്പത്തിനൊപ്പം നിന്നു. ടാർജറ്റിലേക്ക് ഉൾപ്പെടെയുള്ള ഷോട്ടുകളുടെ കണക്കിൽ കാമറൂൺ ആയിരുന്നു മുന്നിൽ. തുടക്കത്തിൽ കാമറൂണായിരുന്നു ആക്രമത്തിൽ മുമ്പിൽ. പത്താം മിനിട്ടിൽ അവർ ഗോളിനടുത്തുവരെയെത്തിയെങ്കിലും എംബിയുമോയുടെ ഷോട്ട് സേവ് ചെയ്ത് സോമർ സ്വിസ് പടയുടെ രക്ഷകനായി. ഷർദാൻ ഷക്കീരിയുടെ നേതൃത്വത്തിൽ സ്വിറ്റ്‌സർലൻഡും ആക്രമണം നെയ്‌തെടുത്തു. കൗണ്ടർ അറ്റാക്കുകൾ ഉൾപ്പെടെയായി കാമറൂണും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവും സ്വിസ് പ്രതിരോധത്തിന്റെ ജാഗ്രതയും ഗോളകറ്റി. ഒന്നാംപകുതിയിൽ ഗോളടിക്കാതെ സ്വിസ് പടയെ കാമറൂൺ തളച്ചു. കാമറൂൺ ഗോളി ആന്ദ്രേ ഒന്നാനയ്ക്ക് വെല്ലുവിളിഉയർത്തിയ ഒരു ഷോട്ടുപോലും ആദ്യ പകുതിയിൽ ഇല്ലായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48-ാം മിനിട്ടിൽ എംബോളയിലൂടെ സ്വിറ്റ്സർലൻഡ് ലീഡെടുക്കുകയായിരുന്നു. തുടർന്നും ഇരുടീമും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും വലുകുലുങ്ങിയില്ല.

Advertisement
Advertisement