ഫിഫയുടെ സമ്മാനം 2500 കോടി രൂപ

Friday 25 November 2022 12:49 AM IST

ദോഹ : ഖത്തർ ലോകകപ്പിൽ കളിക്കുന്ന ടീമുകൾക്ക് എല്ലാം കൂടി സമ്മാനമായി ഫിഫ നൽകുന്നത് 30.5 കോടിയിലേറെ അമേരിക്കൻ ഡോളറാണ്. 2500 കോടിയോളം ഇന്ത്യൻ രൂപ വരുമിത്. ചാമ്പ്യന്മാർക്കും റണ്ണറപ്പുകൾക്കും സെമി ഫൈനലിസ്റ്റുകൾക്കും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കും മാത്രമല്ല ഫസ്റ്റ് റൗണ്ടിൽ കളിക്കുന്ന ടീമുകൾക്ക് വരെ വമ്പൻ തുകയാണ് ലഭിക്കുന്നത്.

344

കോടി ഇന്ത്യൻ രൂപയാണ് ( 42 ദശലക്ഷം ഡോളർ )ലോകകപ്പ് നേടുന്ന ടീമിന് സമ്മാനമായി ലഭിക്കുന്നത്.ഈയിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചതിന്റെ 25 ഇരട്ടിയിലേറെ വരുമിത്. ട്വന്റി -20 ലോകകപ്പിൽ ഇംഗ്ലണ്ടിന് ലഭിച്ചത് 1.6 ദശലക്ഷം ഡോളർ (ഏകദേശം 13 കോടി ഇന്ത്യൻ രൂപ) ആയിരുന്നു.

245

കോടി രൂപയാണ്(30 ദശലക്ഷം ഡോളർ) ഫിഫ റണ്ണർ അപ്പിന് നൽകുന്നത്.ക്രിക്കറ്റ് ലോകകപ്പിൽ ഇത് 6.5 കോടി രൂപയായിരുന്നു.

ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപയും ( 27 ദശലക്ഷം ഡോളർ) നാലാം സ്ഥാനക്കാർക്ക് 204 കോടി രൂപയും (25 ദശലക്ഷം ഡോളർ ) അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് (ക്വാർട്ടർ ഫൈനലിസ്റ്റുകൾ)138 കോടിരൂപയും (17 ദശലക്ഷം ഡോളർ) ലഭിക്കും. പ്രീക്വാർട്ടറിൽ മടങ്ങുന്ന ടീമുകൾക്ക് 106 കോടി രൂപ വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്കു പോലും 74 കോടി രൂപ) സമ്മാനമായി ലഭിക്കും. ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ടീമിന് പോലും ഒരു ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടുന്ന ടീമിനേക്കാൾ അഞ്ചിരട്ടിയിലേറെ ഉയർന്ന സമ്മാനത്തുകയാണ് ലഭിക്കുന്നത്.

Advertisement
Advertisement