ശക്തികുളങ്ങരയിൽ വാഹനം ഇടിച്ചു മയിൽ ചത്തു
Friday 25 November 2022 3:40 AM IST
ചവറ : ശക്തികുളങ്ങര ഹാർബർ റോഡിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചു മയിൽ ചത്തു.
ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. വാഹനമിടിച്ച് റോഡിൽ കിടന്ന മയിലിനെ തെരുവുനായ കടിക്കുന്നത് കണ്ടു നാട്ടുകാർ കാവനാട് പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ വിവരം അറിഞ്ഞെത്തിയ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര രവി ടയിലേഴ്സ് ഉടമ ഗണേഷനും ശക്തികുളങ്ങര മത്സ്യഫെഡ് സി.പി.സിയിലെ ജീവനക്കാരൻ ബാബുവും ചേർന്ന് മയിലിനെ തേവള്ളിയിലെ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് പ്രഥമിക നടപടികൾക്കായി കൊല്ലത്തെ ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മയിൽ ചത്തു. ഈ മാസം രണ്ടാമത്തെ മയിലിനെയാണ് വാഹനം ഇടിക്കുന്നത്.