ലീഗൽ സർവീസ് അതോറിറ്റി ഉത്തരവും നടപ്പായില്ല: സ്റ്റാർട്ടാകാതെ പ്രീ പെയ്ഡ് ഓട്ടോ ടാക്സി !

Friday 25 November 2022 3:54 AM IST

കൊല്ലം: താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ ഉത്തരവിന് പോലും പുല്ലുവില. ചിന്നക്കടയിലെയും കൊല്ലം റെയിൽവേ സ്റ്റേഷനിലെയും പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ ഇപ്പോഴും നോക്കുകുത്തിയായി.

പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ പുനഃസ്ഥാപിക്കണമെന്ന് അതോറിറ്റി ഉത്തരവിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിലും നടപടിയുണ്ടായില്ല. കോർപ്പറേഷൻ സെക്രട്ടറി, കളക്ടർ, പൊലീസ് കമ്മിഷണർ, ട്രാഫിക് പൊലീസ് എസ്.എച്ച്.ഒ എന്നിവർക്കാണ് അതോറിറ്റി നിർദേശം നൽകിയത്.

നിലവിൽ പ്രവർത്തിക്കുന്ന കൗണ്ടറുകൾ നവീകരിച്ച് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുണ്ടായ വീഴ്ചയാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസം. രണ്ട് വർഷമായി അടഞ്ഞുകിടന്നത് മുലം പൂർണമായി പൊളിഞ്ഞുകിടക്കുകയാണ് കൗണ്ടറുകൾ. കമ്പ്യൂട്ടറുകളും തകരാറിലായി. പുതിയത് വാങ്ങുകയേ നിവൃത്തിയുള്ളൂ. കൗണ്ടറുകൾ നന്നാക്കി അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് നഗരസഭയാണ്. റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ സജ്ജമാക്കിയിരുന്നത് ഒരു വ്യാപാര സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിലായിരുന്നു. സ്പോൺസർഷിപ്പ് പുതുക്കാൻ അവരും താത്പര്യപ്പെടുന്നില്ല. ഇതോടെ കൗണ്ടർ തുറക്കുന്നത് നീണ്ടുപോവുകയാണ്. ഓട്ടോറിക്ഷ യൂണിയൻ നേതാക്കൾക്കും കൗണ്ടർ തുറക്കുന്നതിനോട് താത്പര്യമില്ല.

കൗണ്ടർ അടഞ്ഞിട്ട് വർഷങ്ങൾ

ചിന്നക്കടയിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ അടഞ്ഞിട്ട് വർഷങ്ങളായി. കൊവിഡ് വ്യാപനത്തിന് പിന്നാലെ റെയിൽവേ, സർവീസുകൾ കൂട്ടത്തോടെ നിറുത്തിയപ്പോൾ അടച്ചതാണ് റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ. രണ്ടിടങ്ങളിലും ട്രാഫിക് വാർഡന്മാരെ നിയോഗിച്ചാണ് കൗണ്ടർ പ്രവർത്തിപ്പിച്ചിരുന്നത്. ഈ രണ്ട് കേന്ദ്രങ്ങളും യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു.

ട്രെയിൻ സർവീസ് പൂർണ തോതിലായിട്ടും റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ തുറക്കാത്തതിനാൽ പുറത്തുള്ള ഓട്ടോക്കാർ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.

യാത്രക്കാർ

Advertisement
Advertisement