കെ സുധാകരനും വി ഡി സതീശനുമാെപ്പം തരൂർ കൊച്ചിയിലെത്തുന്നു; പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ മുഖ്യ പ്രഭാഷകൻ

Friday 25 November 2022 2:19 PM IST

തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ പുതിയ സാഹചര്യത്തിൽ ശശി തരൂരിനൊപ്പം കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വേദി പങ്കിടുന്നു. വരുന്ന ഞായറാഴ്ച കൊച്ചിയിൽ പ്രൊഫണൽ കോൺഗ്രസിന്റെ സംസ്ഥാനതല കോൺക്ലേവിലാണ് മൂന്ന് നേതാക്കളും പങ്കെടുക്കുന്നത്. ഡോ എസ്‍ എസ് ലാലും മാത്യു കുഴൽനാടൻ എം എൽ എയും മുഖ്യ സംഘാടകരായിട്ടുള്ള കോൺക്ലേവിൽ മുഖ്യ പ്രഭാഷകനായാണ് തരൂർ എത്തുന്നത്. കോൺക്ലേവിന്റെ ഉദ്ഘാടനം കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും ലീഡേഴ്സ് ഫോറത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിർവഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ വിവിധ സെഷനുകളായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തരൂർ അനുകൂലിയായ ശബരീനാഥനും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.

പാർട്ടിയിലെ ഔദ്യാേഗിക വിഭാഗത്തിന്റെ അപ്രഖ്യാപിത വിലക്ക് നിലനിൽക്കുമ്പോഴും തരൂർ നടത്തിയ മലബാർ പര്യടനത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പാർട്ടിയിലെ എ വിഭാഗത്തിന്റെ വ്യക്തമായ പിന്തുണ ഇപ്പോൾ തരൂരിനുണ്ട്. മലബാർ പര്യടനത്തിനുശേഷം കഴിഞ്ഞദിവസം സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് പാർട്ടി സമരവേദയിലും അദ്ദേഹം പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന പ്രധാന സമരത്തിൽ തരൂർ ശ്രദ്ധിക്കുന്നില്ലെന്ന വിമർശനം ഉയർന്നതോടെ അതിന് മറുപടിയെന്ന നിലയിലാണ് കോർപ്പറേഷന് മുന്നിലെ സമരവേദയിൽ അദ്ദേഹം എത്തിയത്. മലബാർ പര്യടനത്തിന് സമാനമായി മറ്റു ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കാനാണ് തരൂർ അനുകൂലികളുടെ നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും തരൂർ വിവിധ പരിപാടികളിൽ പങ്കെടുക്കും.

സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നാനുള്ള തരൂരിന്റെ നീക്കം മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഔദ്യോഗിക പക്ഷം ഭയക്കുന്നത്. ഈ നീക്കത്തെ മുളയിലേ നുള്ളാനാണ് ഗ്രൂപ്പിസവും പിണറായി-മോദി സ്തുതികളും ആയുധമാക്കി ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്.

എന്നാൽ താൻ പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നുമാണ് തരൂർ പറയുന്നത്. നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെ ഒന്നും പറയാതിരിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. അതിനിടെ,തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന കേരളത്തിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ പ്രതികരണം തരൂർവിരുദ്ധരെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കരുതലോടെയാണ് ഹൈക്കമാൻഡും നോക്കിക്കാണുന്നത്.