സിസ തോമസിന്റെ പേര് ആരാണ് നിർദേശിച്ചത്; സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ ഗവർണറോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Friday 25 November 2022 4:42 PM IST

കൊച്ചി: കെടിയു വിസി നിയമനത്തിൽ ഗവർണറോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. സര്‍വകലാശാല വിസിയായി ഡോ . സിസ തോമസിന്റെ പേര് ആരാണ് നിർദേശിച്ചത്. മറ്റ് വിസിമാരോ പ്രോ വിസിമാരോ ഉണ്ടായിരുന്നില്ലെയെന്നും, എങ്ങനെയാണ് സിസ തോമസിന്റെ പേരിലേക്കെത്തിയെന്നും കോടതി ചോദിച്ചു. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ദേവൻ രാചമന്ദ്രന്റെ ചോദ്യങ്ങള്‍.

സിസ തോമസിനെ നിയമിച്ച രീതിയാണ് പ്രധാനമായും കോടതി ആരാഞ്ഞത്. സിസ തോമസിന്റെ സീനിയോരിറ്റി എത്രത്തോളമുണ്ടെന്നും ഇതേ യോഗ്യതയുള്ള മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ഗവർണറോട് കോടതി ചോദിച്ചു. വിദ്യാർത്ഥികളുടെ ഭാവി ഓർത്താണ് ആശങ്കയെന്നും. ആരും കുട്ടികളെ പരിഗണിക്കുന്നില്ല, അവരുടെ ഭാവി വച്ച് പന്താടരുതെന്നും കോടതി പറഞ്ഞു. 4000 സർട്ടിഫിക്കറ്റുകളാണ് വിദ്യാർത്ഥികൾക്ക് കൊടുക്കാതെ കെടിയുവിൽ മാത്രം കെട്ടിക്കിടക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു.