കടൽ കൊലക്കേസ്: 5 ലക്ഷം വീതം 9 പേർക്കും നൽകണം

Saturday 26 November 2022 12:54 AM IST

ന്യൂഡൽഹി: കടൽക്കൊല കേസിൽ സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ട് കോടിയിൽ നിന്ന് ബോട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ ഒമ്പത് മത്സ്യത്തൊഴിലാളികൾക്കും അഞ്ചു ലക്ഷം രൂപാ വീതം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ബോട്ടുടമയ്ക്ക് ലഭിക്കുന്ന തുക തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാലു കോടിയും ബോട്ടുടമയ്ക്ക് രണ്ട് കോടിയുമാണ് നഷ്ടപരിഹാരമായി രാജ്യാന്തര ട്രൈബ്യൂണൽ വിധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റലി തുടർനടപടികൾ സ്വീകരിച്ചിരുന്നു.

രണ്ടു കോടി തുല്യമായി വീതിച്ച് ഓരോരുത്തർക്കും 20 ലക്ഷം രൂപാ വീതം നൽകണമെന്നായിരുന്നു മത്സ്യത്തൊഴിലാളികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് സുപ്രീം കോടതി തള്ളി. രണ്ട് കോടിയിൽ 1.55 കോടി ഫ്രെഡിക്കും ശേഷിക്കുന്ന തുക ഒമ്പതുപേർക്കും തുല്യമായി വീതിച്ച് നൽകാൻ കോടതി നിർദ്ദേശിച്ചു.

Advertisement
Advertisement