കോൺഗ്രസിൽ ചേരിതിരിവ് അണികളിലേയ്ക്കും; തരൂരിന്റെ പ്രചരണ ബോർഡിൽ നിന്നൊഴിവാക്കിയതിൽ പ്രതിഷേധിച്ച് കോട്ടയത്ത് സതീശനായി പ്രത്യേക ഫ്ലക്സ് ബോർ‌ഡുകൾ

Saturday 26 November 2022 10:04 AM IST

കോട്ടയം: കോൺഗ്രസ് നേതാക്കളുടെ തമ്മിലടി ഏറ്റെടുത്ത് അണികൾ. പ്രസ്താവന യുദ്ധം കുറഞ്ഞപ്പോൾ ഫ്ലക്സ് യുദ്ധം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യങ്ങൾ അറിയിച്ച് ഈരാറ്റുപേട്ടയിൽ ഫ്ലക്സ് ബോർഡുകൾ. കോട്ടയത്ത് ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ ബോർഡിൽ നിന്നും സതീശനെ ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിനായി പ്രത്യേക ബോർഡുകൾ ജില്ലയിൽ പ്രത്യക്ഷപ്പെട്ടത്. ഈരാറ്റുപേട്ടയിലാണ് സതീശന് അഭിവാദ്യം അർപ്പിച്ച് പ്രത്യേക ബോർഡുകൾ സ്ഥാപിച്ചത്.

കെ പി സി സി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ. ഡി സി സിയുടെ എതിർപ്പിനെ അവഗണിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണ ബോർഡിൽ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ സതീശന്റെ ചിത്രം മാത്രം ഉൾപ്പെടുത്തി ബോർഡുയർന്നത് നേതാക്കളുടെ തമ്മിലടി അണികളേറ്റെടുക്കുന്നതിന്റെ സൂചനയാണ്. ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിനുള്ളിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചേരിതിരിവുകൾ രൂക്ഷമായത്.