ഇന്ന് മെക്സിക്കോയോട് തോറ്റാൽ അർജന്റീന ലോകകപ്പിൽ നിന്ന് പുറത്ത്; ടീം അഴിച്ചുപണിയാൻ ഒരുങ്ങി സ്‌കലോണി

Saturday 26 November 2022 11:16 AM IST

ദോഹ: ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ഇതിഹാസ താരം ലയണൽ മെസിയുടെ അർജന്റീന ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. 36 മത്സരത്തിൽ തോൽവി അറിയാതെയുള്ള കുതിപ്പുമായി ലോകകപ്പ് ഫേവറിറ്റുകളായി ഖത്തറിലെത്തിയ മെസിയും സംഘവും ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷം രണ്ട് ഗോൾ വഴങ്ങി സൗദിക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു.

ഇന്ന് മെക്സിക്കോയെ കീഴടക്കിയാൽ മാത്രമേ അ‌ർജന്റീനയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ സാധിക്കൂ. നിലവിൽ ഗ്രൂപ്പിൽ ഏറ്രവും അവസാന സ്ഥാനത്തായ അർജന്റീന മെകിസ്ക്കോയ്ക്കെതിരെയുള്ള കളികൈവിട്ടാൽ പുറത്തേക്കുള്ള വഴി ഏറെക്കുറെ തെളിയും. അതിനാൽ വിജയത്തിൽക്കുറഞ്ഞൊന്നും അർജന്റീന ലക്ഷ്യം വയ്ക്കുന്നില്ല.

മാറ്റമുണ്ടാകും

സൗദിക്കെതിരെ ഫിറ്റല്ലാത്ത താരങ്ങളെ കളിപ്പിച്ചു എന്ന പഴി കേൾക്കുന്ന അർജന്റീന കോച്ച് ലയണൽ സ്കലോണി ആദ്യ ഇലവനിൽ മാറ്റം വരുത്തിയേക്കുമെന്ന് ഉറപ്പാണ്. സൗദിക്കെതിരെ ഇടയ്ക്കുവച്ച് പിൻവലിക്കേണ്ടിവന്ന ഫിറ്റ്‌നസ് പൂർണമായും വീണ്ടെടുത്തിട്ടില്ലാത്ത ക്രിസ്റ്ര്യൻ റൊമേറോ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകാൻ സാദ്ധ്യത വളരെക്കുറവാണ്. റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനസ് ആദ്യ ഇലവനിൽ എത്തിയേക്കും. വിംഗ്ബാക്കുകളായ ടാഗ്ലിയാഫിക്കോയ്ക്കും മോളിനയ്ക്കും പകരം അക്കൂനയും മോൻഡ്രിയേലും വന്നേക്കും.

ഒച്ചാവോയുടെ മെക്സിക്കോ

ഇത്തവണത്തെ ഫിഫ ഫുട്ബാളർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിലെത്തിയ പോളണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് ഗിലർമോ ഒച്ചാവോയെന്ന വൻമതിലിന്റെ നേതൃത്വത്തിൽ മെക്സിക്കോ അർജന്റീനയെ നേരിടാനിറങ്ങുന്നത്. ലെവൻഡോവ്സ്കിയുടെ പെനാൽറ്രി ഉൾപ്പെടെ തടഞ്ഞ് ലോകകപ്പിൽ പതിവുപോലെ മിന്നും ഫോമിലേക്ക് ഉയർന്ന് ഒച്ചാവോയെ മറികടക്കുക എന്നത് കഠിനമേറിയ കാര്യമാണ്.

മുൻതൂക്കം അർജന്റീനയ്ക്ക്

ഇതുവരെ മുഖാമുഖം വന്ന മത്സരങ്ങളിലെല്ലാം അർജന്റീനയാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. മെക്സിക്കോയ്ക്ക് എതിരെ അവസാനം കളിച്ച പത്ത് മത്സരങ്ങളിൽ അർജന്റീന തോൽവി അറിഞ്ഞിട്ടില്ല. ലോകകപ്പിൽ മുഖാമുഖം വന്ന മൂന്ന് തവണയും അ‌ർജന്റീനയ്ക്കായിരുന്നു ജയം.