രണ്ടാം പ്ളാന്റ് തുറന്ന് ഏതർ, 4,20,000 സ്കൂട്ടർ നിർമ്മാണശേഷി

Monday 28 November 2022 3:14 AM IST

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ വൈദ്യുത (ഇലക്‌ട്രിക്)​ സ്കൂട്ടർ നിർമ്മാതാക്കളായ ഏതർ എനർജിയുടെ രണ്ടാമത്തെ പ്ളാന്റ് ഹൊസൂരിൽ പ്രവർത്തനം ആരംഭിച്ചു. പ്രതിവർഷം 4,20,000 സ്കൂട്ടറുകൾ നിർമ്മിക്കാൻ ഇതോടെ കഴിയും. ഏതർ 450 എക്സ്., 450 പ്ളസ് എന്നീ മോഡലുകൾക്ക് പ്രിയം വർദ്ധിച്ചതോടെയാണ് ഉത്പാദനം വർദ്ധിപ്പിക്കുന്നത്.

ഹൊസൂരിലെ രണ്ട് നിർമ്മാണ യൂണിറ്റുകൾ ഭാവിയിൽ അഞ്ചായി വർദ്ധിപ്പിക്കുമെന്ന് ഏതർ എനർജി സഹസ്ഥാപകനും ചീഫ് ടെക്നിക്കൽ ഓഫീസറുമായ സ്വപ്‌നിൽ ജെയിൻ, നിർമ്മാണ വിഭാഗം മേധാവി സഞ്ജീവ് കുമാർ സിംഗ് എന്നിവർ പ്ളാന്റ് സന്ദർശിച്ച മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നുലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് പ്ളാന്റ്.

സ്വന്തമായി വികസിപ്പിച്ചതാണ് ഏതർ സ്കൂട്ടറുകൾ. അലുമിനിയം ഷാസിയിലാണ് നിർമ്മാണം. ഏതർ ഡിസൈൻ ചെയ്ത പാർ‌ട്സുകൾ വിവിധ സ്ഥലങ്ങളിലാണ് നിർമ്മിക്കുന്നത്. ഇവ കൂട്ടിച്ചേർക്കുന്ന പ്രക്രിയയാണ് പ്ളാന്റിൽ നടത്തുന്നത്. സ്കൂട്ടറിന്റെ 99 ശതമാനം ഘടകങ്ങളും ഇന്ത്യൻ നിർമ്മിതം. ബാറ്ററി നിർമ്മിക്കുന്ന സെല്ലുകൾ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.

സ്‌മാർട്ട് സ്കൂട്ടറുകളാണ് ഏതറിന്റേത്. ഗൂഗിൾ മാപ്പ് ഉൾപ്പെടെ നവീന സാങ്കേതിക സംവിധാനങ്ങൾ സ്കൂട്ടറിലുണ്ട്. ഡിസൈൻ, ഉത്പാദനം എന്നിവയിലും നവീനത വിനിയോഗിക്കുന്നു. 200 പരിശോധനകൾ പൂർത്തിയാക്കിയാണ് സ്കൂട്ടറുകൾ വിപണിയിലിറക്കുന്നത്. 80 കിലോമീറ്റർ വരെ വേഗം ലഭിക്കും.

ഷോറൂമുകൾ

 നിലവിൽ : 60

 2023 മാർച്ചോടെ : 150

ചാർജിംഗ് സ്റ്റേഷൻ

 നിലവിൽ : 600

 2023 മാർച്ച് : 1,400

ഏതറിന്റെ കഥ

മദ്രാസ് ഐ.ഐ.ടി ബിരുദധാരികളായ തരുൺ മേത്ത, സ്വപ്‌നിൽ ജെയിൻ എന്നിവർ ചേർന്ന് 2013ൽ സ്ഥാപിച്ചു.

 2018ൽ ആദ്യ സ്കൂട്ടർ ഏതർ 450 പുറത്തിറക്കി

 2020ൽ ഏതർ 450 എക്സ്

 2022ൽ ജെൻ 3 ഏതർ 450

കേരളം വൻവിപണി

കേരളവിപണിയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനും സാദ്ധ്യതകൾ വിനിയോഗിക്കാനും വൈദ്യുത സ്കൂട്ടർ നിർമ്മാതാക്കളായ ഏതർ എനർജി. കൂടുതൽ ഷോറൂമുകളും ചാർജിംഗ് സ്റ്റേഷനുകളും കേരളത്തിൽ സ്ഥാപിക്കും.

കേരളത്തിലെ വൈദ്യുത സ്കൂട്ടർ വിപണിയുടെ 33 ശതമാനവും ഏതറിന്റേതാണെന്ന് ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് എസ്. പൊഖേല 'കേരളകൗമുദി"യോട് പറഞ്ഞു. ഒമ്പത് ഷോറൂമുകളുണ്ട്. ഏതറിന് സാദ്ധ്യതകളുള്ള സംസ്ഥാനമാണ് കേരളം. വൈദ്യുത വാഹനങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവരാണ് കേരളീയർ. വൈദ്യുതി വാഹനങ്ങളോട് താത്പര്യമുള്ള കേരളത്തിൽ കൂടുതൽ വിപണി നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement