അസംബന്ധവും പോക്രിത്തരവും, പാർട്ടി  ഏൽപ്പിച്ചത്  ചെയ്യാതെ  പിറപ്പില്ലാത്ത  പണി  കാണിച്ചയാൾ, എസ്  രാജേന്ദ്രന്റെ  ആരോപണത്തിന്  മറുപടിയുമായി എം എം മണി

Saturday 26 November 2022 3:28 PM IST

ഇടുക്കി: വീട് ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നിൽ എം എം മണി എം എൽ എയാണെന്ന ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രന്റെ ആരോപണത്തിന് മറുപടി. നോട്ടീസ് അയച്ചതിന് പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണ്. അത് തന്റെ പണിയല്ല. താൻ ആരോടും അങ്ങനെ ചെയ്യാറില്ലെന്നും എം എം മണി വ്യക്തമാക്കി.

'എസ് രാജേന്ദ്രൻ ഭൂമി കയ്യേറിയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. പഴയ എം എൽ എ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോയെന്ന് റവന്യൂ വകുപ്പാണ് തീരുമാനിക്കേണ്ടത്. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല ഇനിയങ്ങോട്ട് പറയുകയുമില്ല. അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടി ഏൽപ്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചത്'- എം എം മണി പറഞ്ഞു.

അതേസമയം, വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സബ് കളക്ടറുടെ നോട്ടീസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.'ഏഴ് ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തായാലും ഒഴിഞ്ഞുപോകാൻ ഉദ്ദേശിക്കുന്നില്ല. നിയമപരമായിട്ടാണെങ്കിൽ ആ നിലയ്ക്ക് നേരിടാനാണ് തീരുമാനം. 2010ൽ ഹൈക്കോടതി പറഞ്ഞതിന് വിപരീതമായ നിലപാടാണ് കളക്ടർ സ്വീകരിച്ചത്. പത്ത് സെന്റിന് താഴെ ഭൂമിയാണെങ്കിൽ അവർക്ക് അവിടെ താമസിക്കാൻ അനുവാദമുണ്ട്. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് സബ്കളക്ടർക്ക് ലഭിച്ച പ്രേരണപ്രകാരം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ കളക്ടർ മാത്രമാണെന്ന് കരുതുന്നില്ല. ഇതിന് പിന്നിൽ ചിലയാളുകളാണ്. കോടതിയെ സമീപിച്ചുകഴിഞ്ഞു, ഇനി എല്ലാം വരുന്നതുപോലെ നേരിടും. '- എസ് രാജേന്ദ്രൻ പറഞ്ഞു.

രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാണ് സബ് കളക്ടറുടെ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാണ് നോട്ടീസിലെ നിർദേശം. ദേവികുളം സബ് കളക്ടറുടെ നിർദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും എന്നും നോട്ടീസിൽ പറയുണ്ട്. ബലമായി ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇടുക്കി എസ്പിക്ക് കത്തും നൽകിയിട്ടുണ്ട്.

Advertisement
Advertisement