കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ വെടിവയ്പ്പ്, എയർഗൺ ആക്രമണമെന്ന് സംശയം
Saturday 26 November 2022 5:21 PM IST
കോഴിക്കോട്: മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ വെടിവയ്പ്പ്. കോഴിക്കോട് നിന്ന് ബിഹാറിലേയ്ക്ക് പോയ ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. മദ്ധ്യപ്രദേശിലെ ജബൽപൂർ-റീവ ദേശീയപാതയിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
കോഴിക്കോട് ഫറോക്കിൽ കഴിഞ്ഞ ദിവസം ട്രെയിൻ തട്ടിമരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി പോവുകയായിരുന്നു ആംബുലൻസ്. ഇതിനിടെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് വെടിയുതിർക്കുകയായിരുന്നു. എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്ന് സംശയമുള്ളതായി ആംബുലൻസിന്റെ ഡ്രൈവർ കോഴിക്കോട് സ്വദേശി ഫഹദ് പറയുന്നു. ആക്രമികൾ ആരാണെന്ന് അറിയില്ലെന്നും ഡ്രൈവർ വ്യക്തമാക്കി. വെടിവയ്പ്പിൽ ആംബുലൻസിന്റെ ചില്ല് പൂർണമായും തകർന്നു. റീവ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെന്നും തുടർയാത്രയ്ക്ക് പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു.