ഭാരതത്തിന്റേത് അഭംഗുരമായ സാംസ്‌കാരിക ചരിത്രം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Sunday 27 November 2022 12:36 AM IST

ഡോണാപോള (ഗോവ): ഭാരതത്തിന് നാലായിരത്തോളം വർഷത്തെ അഭംഗുരമായ സാംസ്‌കാരികചരിത്രമുണ്ടന്നും ജാതി, മത, ദേശ ഭേദങ്ങൾക്കപ്പുറം ഏകാത്മകതയാണ് സ്ഥായിയായ സ്വത്വമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ 15 മാസം നീണ്ടുനിന്ന ഗോവ ഗ്രാമ സമ്പൂർണയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവസേവ മാധവസേവയെന്ന ഭാരതീയ ദർശനത്തിൽ വിശ്വസിക്കുന്നയാളാണ് ശ്രീധരൻ പിള്ളയെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിച്ച് സാധാരണ ജനങ്ങളോടും ജനപ്രതിനിധികളോടും സംവദിക്കാൻ കഴിഞ്ഞതിനെ ജീവിതത്തിലെ സുപ്രധാന നേട്ടമായി കാണുന്നുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പി.എസ്. ശ്രീധരൻ പിള്ള പ്രഭാഷണം നടത്തി. ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ശ്രീപദ് നായിക്, പ്രതിപക്ഷ നേതാവ് യൂറി അലിമാവോ തുടങ്ങിയവർ പ്രസംഗിച്ചു.