കേരളം വൃദ്ധന്മാരുടെയും വൃദ്ധകളുടേതും മാത്രമാകും : ഗൗരി ലക്ഷ്മി ഭായ്
തൃശൂർ: ''ഇങ്ങനെയാണ് പോകുന്നതെങ്കിൽ 50 വർഷത്തിനകം കേരളം വൃദ്ധന്മാരുടെയും വൃദ്ധകളുടേതും മാത്രമാകുമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി. ജ്യോതിഷ പരിഷത്ത് സുവർണ ജൂബിലി ആഘോഷ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളൊക്കെ കാനഡയിലും ഓസ്‌ട്രേലിയയിലുമൊക്കെയാണ് ജീവിക്കുന്നത്. ഭയമുണ്ട്. യുവതലമുറയുടെ മനസ് മാറാൻ പരിഹാരക്രിയകളെന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ നന്നായിരുന്നു. ജ്യോതിഷ പരിഷത്തിനോട് ഒരഭ്യർത്ഥനയുണ്ട്. കേരളത്തിന്റെ ഭാവിയെന്താണെന്ന് പ്രശ്‌നം വച്ചു നോക്കണം. നല്ല ഭാവിയല്ലെങ്കിൽ പരിഹാരമെന്തെങ്കിലും ചെയ്യാനാകുമോയെന്നും നോക്കണം. കുട്ടികൾക്ക് നാട്ടിൽ തന്നെ ജീവിക്കാൻ വേണ്ട ചുറ്റുപാടുണ്ടാകണം. പക്ഷേ, ഇവിടെ നിന്നാൽ എന്താണ് കിട്ടാൻ പോകുന്നതെന്ന അവരുടെ ചോദ്യത്തിന് മറുപടിയില്ലാതാകുന്നുവെന്നും അവർ പറഞ്ഞു. സ്വന്തം മക്കൾ പരീക്ഷകളിൽ എ പ്ലസ് നേടുകയെന്നത് പരമമായ ലക്ഷ്യമായി കാണുന്നതിന് പകരം അവർ ജീവിതത്തിൽ എ പ്ലസ് നേടുകയെന്ന ചിന്താഗതിയിലേക്ക് നമ്മുടെ സമൂഹം മാറണമെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി കെ.രാജൻ പറഞ്ഞു. ലാഭനഷ്ടങ്ങൾ അനുകൂലമാക്കി മാറ്റാൻ മൃഗബലി മുതൽ നരബലി വരെ ആകാം എന്ന് അപൂർവമായെങ്കിലും ചിന്തിക്കുന്ന അപകടകരമായ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.യു.രഘുരാമൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത കീർത്തിരത്‌ന പുരസ്‌കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും സാഹിത്യ കീർത്തിരത്‌ന സാഹിത്യകാരൻ ടി.പത്മനാഭനും ജ്യോതിഷ കീർത്തിരത്‌ന പദ്മനാഭ ശർമയും ആയുർവേദ കീർത്തിരത്‌ന ഡോ.കെ.ജി.രവീന്ദ്രനും സംഗീത കീർത്തിരത്‌ന സംഗീത സംവിധായൻ എം.ജയചന്ദ്രനും ഏറ്റുവാങ്ങി. എ.വി.എസ് പണിക്കർ ദൈവജ്ഞ പുരസ്‌കാരം അരവിന്ദൻ പണിക്കർ വട്ടോളി ഏറ്റുവാങ്ങി.