പഠന-ഗവേഷണങ്ങൾ പ്രതി​സന്ധി​യി​ലാക്കി​ കാർഷിക സർവകലാശാല സമരം

Sunday 27 November 2022 2:45 AM IST
കാർഷിക സർവകലാശാല

തൃശൂർ: ജീവനക്കാരനെ തരംതാഴ്ത്തിയതിനെതിരെ സി.പി.എം അനുകൂല സംഘടനയുടെ സമരം ഒന്നര മാസം പിന്നിടുമ്പോൾ, കാർഷിക സർവകലാശാല ആസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷം. സമരം നീളുന്നത് പഠന-ഗവേഷണ പദ്ധതികളെയും സാരമായി ബാധിക്കുന്നു. അതിനിടെ,സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തില്ലെങ്കിൽ രജിസ്ട്രാറെ തെരുവിൽ നേരിടുമെന്ന്, കോർപ്പറേഷൻ കൗൺസിലർ കൂടിയായ ഡി.വൈ.എഫ്.ഐ മണ്ണുത്തി മേഖലാ സെക്രട്ടറി അഡ്വ.അനീസ് അഹമ്മദി​ന്റെ ഭീഷണിയും വിവാദമായി.

സി.പി.എം സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനെ ദുർബലപ്പെടുത്താൻ സി.പി.ഐ അനുകൂല നിലപാടാണ് രജിസ്ട്രാർ സ്വീകരിക്കുന്നതെന്നും ജീവനക്കാരന്റെ തരംതാഴ്ത്തൽ പിൻവലിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും സമരക്കാർ ആരോപിക്കുന്നു. സർവകലാശാലാ ആസ്ഥാനമായ വെള്ളാനിക്കരയ്ക്ക് പുറമെ പടന്നക്കാട്, അമ്പലവയൽ, തവനൂർ, പട്ടാമ്പി, വെള്ളായണി കേന്ദ്രങ്ങളിലെ ജീവനക്കാരും സമരത്തിലാണ്. ഉപരോധം മൂലം രണ്ടാഴ്ചയിലധികമായി രജിസ്ട്രാർ ഡോ.എ.സക്കീർഹുസൈൻ ഓഫീസിൽ എത്തുന്നില്ല.സർവകലാശാല ഉൾപ്പെടുന്ന ഒല്ലൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി കെ.രാജനെതിരെയും പരാമർശമുണ്ടായതോടെ, സി.പി.എം-സി.പി.ഐ സംഘടനകൾ തമ്മിലും ഭിന്നത രൂക്ഷമായി.

തുടക്കം എം.പിയെ

അവഹേളിച്ച്

രമ്യ ഹരിദാസ് എം.പിയെ 2021 ജൂണിൽ സി.വി.ഡെന്നി ഫേസ്ബുക്കിൽ അവഹേളിച്ചതിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. രമ്യ ഹരിദാസ് നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തെ തുടർന്ന് അസി. കംപ്‌ട്രോളർ സി.വി.ഡെന്നിയെ തരംതാഴ്ത്തി മുൻ വി.സി ഡോ.ചന്ദ്രബാബു ഒക്ടോബർ ഏഴിന് ഉത്തരവിട്ടു. തുടർന്ന് എംപ്‌ളോയീസ് അസോസിയേഷൻ സമരം തുടങ്ങി. മറ്റ് സി.പി.എം സർവീസ് സംഘടനകളും പിന്തുണച്ചു. ജീവനക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്നതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് തരംതാഴ്ത്തലെന്ന് അവർ പറയുന്നു. കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയിക്ക് വി.സിയുടെ ചുമതല നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹർജിയും നൽകി.

Advertisement
Advertisement