മരുന്നുകഴിക്കാൻ ഇനി യന്ത്രം  പറയും, എടുത്തുതരും

Sunday 27 November 2022 4:53 AM IST

കൊച്ചി: മരുന്നു കഴിക്കാൻ മറന്നുപോകുന്നവരും, കഴിക്കേണ്ട മരുന്നുകൾ തിരഞ്ഞുപിടിച്ച് എടുത്തുതരാൻ ആളില്ലാത്ത രോഗികളും അതോർത്ത് സങ്കടപ്പെടേണ്ട.

മേശപ്പുറത്ത് ഇരിക്കുന്ന യന്ത്രം ആ ഡ്യൂട്ടി ചെയ്യും.

രാവിലെ കഴിക്കേണ്ടത്, ഉച്ചയ്ക്ക് കഴിക്കേണ്ടത്, രാത്രി കഴിക്കേണ്ടത് എന്ന ക്രമത്തിൽ ഓരോ പൊതിയായി യന്ത്രം തരും. ഒരു മാസത്തേക്കുള്ള മരുന്നുകൾ ഇങ്ങനെ തരാൻ യന്ത്രത്തിനു കഴിയും.

മരുന്നുകൾ ക്രമീകരിച്ചു തരുന്നത് ആശുപത്രിയിൽ വയ്ക്കുന്ന യന്ത്രത്തിൽ നിന്നാണ്.

ഓരോ പൊതിയിലും ഗുളികകൾ നിറച്ച് അതൊരു റോളാക്കും. അത് വീട്ടിലെ യന്ത്രത്തിന്റെ അറയിൽ വച്ചാൽ മതി.

സമയമാവുമ്പോൾ അലാറം മുഴങ്ങും. പൊതി പുറത്തേക്ക് വരും. മൂന്നു അലാറം മുഴങ്ങിയിട്ടും മരുന്ന് എടുത്തില്ലെങ്കിൽ ഫോണിലെ വാട്സ് ആപ്പ് നമ്പറിൽ സന്ദേശം വരും. അതും മൂന്നു ഫോണിലേക്കാണ്. പ്രമുഖ സ്വകാര്യ ആശുപത്രിക്ക് ആദ്യ യൂണിറ്റ് ഉടൻ കൈമാറും.

ഇത്രയും ജാഗ്രതയോടെ മെഷീൻ പ്രവർത്തിക്കുമ്പോൾ, ആർക്കും മരുന്ന് മുടങ്ങില്ലെന്ന് യന്ത്രത്തിന്റെ ഉപജ്ഞാതാവായ ഇടുക്കി രാജാക്കാട് സ്വദേശി സനിൽ ആനന്ദ് (42) ഉറപ്പിച്ച് പറയുന്നു. അങ്കമാലി പുളിയനത്തെ 'പാക്ക്മെൻ' മെഷിനറീസ് മാനേജിംഗ് ഡയറക്‌ടറും ഇലക്ട്രോണിക്സ് എൻജിനിയറുമാണ് സനിൽ.

കാലിഡോ ഹെൽത്ത് എന്ന സ്റ്റാർട്ട് അപ്പിനു വേണ്ടിയാണ് യന്ത്രം രൂപകല്പന ചെയ്ത് നിർമ്മിച്ചത്. നിർമ്മാണ യൂണിറ്റിനായി 70 ലക്ഷം രൂപ ചെലവഴിക്കേണ്ടിവന്നു.

. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു യന്ത്രമെന്ന് സനിൽ അവകാശപ്പെടുന്നു

നേന്ത്രക്കായ കൊടുത്താൽ,

മെഷീൻ ഉപ്പേരി തരും

# വൃത്തിയാക്കിയ നേന്ത്രക്കായ നൽകിയാൽ ഉപ്പേരിപ്പായ്ക്കറ്റാക്കി തരുന്ന മെഷീനും നിർമ്മിക്കുന്നുണ്ട്.

# മണിക്കൂറിൽ 12,000 കോഴികളെ കശാപ്പ് ചെയ്ത് മാംസം പായ്ക്കറ്റിലാക്കി നൽകുന്ന യന്ത്രവും റെഡി.

# കറിപൗഡറുകൾ, അരിപ്പൊടി എന്നുവേണ്ട എല്ലാത്തരം സാധനങ്ങളും മനുഷ്യസ്പർശമില്ലാതെ പായ്ക്ക് ചെയ്യുന്ന മെഷിനുകളും നിർമ്മിക്കുന്നുണ്ട്.

# വിറ്റുവരവ് 25 കോടി

@ രണ്ട് സുഹൃത്തുകൾക്കൊപ്പം കൊച്ചിയിൽ ദ്രോണാചാര്യ ഇലക്‌ട്രോണിക്സ് എന്ന സ്ഥാപനം 2001ൽ തുടങ്ങിയ സനിൽ

2013ലാണ് പാക്ക്മെൻ മെഷിനറീസ് എന്ന സ്റ്റാർട്ട്അപ്പിന് തുടക്കമിട്ടത്.

@ കൊവിഡിന് മുമ്പ് പത്തു കോടിയായിരുന്ന വിറ്റുവരവ് ഇപ്പോൾ 25 കോടിയിലെത്തി. 2025ൽ നൂറു കോടിയാണ് ലക്ഷ്യം. 72 ജീവനക്കാരുണ്ട്. ഏപ്രിലിൽ കിൻഫ്രയിൽ പുതിയ യൂണിറ്റ് തുടങ്ങും.

@ രണ്ടര ലക്ഷം മുതൽ 1.6 കോടി രൂപ വരെ വിലയുള്ള

1400 മെഷിനുകൾ വിതരണം ചെയ്തു. അറബ് രാജ്യങ്ങളി​ലേക്ക് മാത്രമല്ല, യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതിയുണ്ട്.