ഭരണഘടന തകർക്കാനും അന്തസത്ത ഇല്ലാതാക്കാനും ശ്രമം: സ്‌പീക്കർ

Sunday 27 November 2022 12:00 AM IST

തിരുവനന്തപുരം: ഭരണഘടന തകർക്കാനും അന്തസത്ത ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച 'ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ പൗരനും ഭരണഘടനയെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം. ഭരണഘടനാ അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്,ഒരു രാഷ്ട്രം ഒരു ഭാഷ,ഒരു രാഷ്ട്രം ഒരു മതം എന്ന രീതിയിൽ പാകപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും സ്‌പീക്കർ പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ് മുഖ്യാതിഥിയായി. ഡോ.എൻ.കെ.ജയകുമാർ വിഷയമവതരിപ്പിച്ചു. നിയമസഭാ സെക്രട്ടറി എ.എം.ബഷീർ,കുടുംബശ്രീ കോഡിനേറ്റർ ബി.നജീബ് എന്നിവർ സംസാരിച്ചു.