കേരളത്തിൽ ഇന്നും ജാതീയ അസഹിഷ്ണുത: വി.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ ജാതീയ അസഹിഷ്ണുത പലപ്പോഴായി പുറത്തുവരുന്നത് കാണാതെ പോകരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരള സാംബവ സഭയുടെ എട്ടാം വാർഷിക പൊതുസമ്മേളനം പുത്തരികണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിലെ മധു കൊലക്കേസ് ഇതിന് ഉദാഹരണമാണ്. ഉത്തർപ്രദേശിൽ യോഗീ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണം തുടരണമെന്ന് അവിടത്തെ ദളിത് വിഭാഗം വിധിയെഴുതി. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിൽ ഇത്തരത്തിലുള്ള മുന്നേറ്റം നടക്കുമ്പോൾ കേരളത്തിൽ മറിച്ചുള്ള സാഹചര്യം ഉണ്ടാകുന്നത് ചിന്തിക്കേണ്ട ഒന്നാണ്. ഇതിനൊരു മാറ്റമുണ്ടാക്കാൻ സർക്കാരും പൊതുസമൂഹവും ഒരുമിച്ച് നിൽക്കണം.
സർക്കാർ ഉത്തരവുകളിൽ ദളിത്, ഹരിജൻ എന്നീ പദങ്ങൾ ഒഴിവാക്കിയതു കൊണ്ട് മാത്രം തുല്യത ഉറപ്പിക്കാനാകില്ല. പൗരവാകാശം ഉറപ്പാക്കുന്ന സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടോയെന്ന് പരിശോധിക്കേണ്ട സ്ഥിതിയാണ്. സാംബവ സഭയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണം. കാവാരികുളം കണ്ഠൻ കുമാരനെ പോലുള്ള മഹാത്മാക്കളുടെ ചരിത്രം പഠിക്കാൻ എത്രത്തോളം അവസരം ലഭിക്കുന്നെന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാംബവ സഭ സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ അദ്ധ്യക്ഷ വഹിച്ചു. എം.വിൻസന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സാംബവസഭ ജനറൽ സെക്രട്ടറി സുരേഷ് മഠത്തിൽ, ട്രഷറർ ഉണ്ണിക്കുഞ്ഞ് മത്തായി,വൈസ് പ്രസിഡന്റ് കല്ലിയൂർ സ്റ്റീഫൻ,തിരുപുറം സുരേഷ്,ശ്രീകാര്യം ബാബുരാജ്,തങ്കരാജ് മുട്ടയ്ക്കാട് ,ശശികല സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ധർമ്മദാസിനെയും കേന്ദ്രമന്ത്രി ആദരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ചും നടന്നു.